• admin

  • January 20 , 2020

ബംഗളൂരു :

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 289 റണ്‍സെടുത്ത് അനായാസം വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഓപണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇന്ത്യയിലെത്തി ഏകദിന പരമ്പര സ്വന്തമാക്കിയ മടങ്ങിയ ഓസീസിനോട് മധുരമായി പകരം ചോദിക്കാനും ഇന്ത്യക്ക് സാധിച്ചു.

110 പന്തുകള്‍ നേരിട്ട് എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രോഹിത് 29ാം ഏകദിന സെഞ്ച്വറി കുറിച്ചത്. കോഹ്‌ലി 91 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 89 റണ്‍സെടുത്തു. 35 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ശ്രേയസ് അയ്യരും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. വിജയത്തിലേക്കെത്തുമ്പോള്‍ ശ്രേയസിനൊപ്പം എട്ട് റണ്‍സുമായി മനീഷ് പാണ്ഡെയായിരുന്നു ക്രീസില്‍.

ഓസീസിനായി ഹാസ്‌ലെവുഡ്, ആഷ്ടന്‍ ആഗര്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എന്ന സ്‌കോറിലേക്കാണ് ഓസ്‌ട്രേലിയ എത്തിയത്. സ്റ്റീവ് സ്മിത്ത് നേടിയ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്.

സ്മിത്ത് 132 പന്തില്‍ നിന്ന് 131 റണ്‍സ് നേടി. 14 ഫോറും ഒരു സിക്‌സും സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. ഓസീസ് അനായാസം മുന്നൂറ് കടക്കുമെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റ് വീഴ്ത്തിയും യോര്‍ക്കറുകളിലൂടേയും ഗുഡ് ലെങ്ത് ഡെലിവറികളിലൂടേയും ബൂമ്രയും ഷമിയും ചേര്‍ന്ന് സന്ദര്‍ശകരെ വിറപ്പിച്ച് നിര്‍ത്തി.