• admin

  • March 12 , 2022

മലപ്പുറം : സീനിയർ വിദ്യാർഥികൾ കോളജിന് പുറത്ത് വെച്ച് നടത്തിയ സംഘടിത റാഗിങ്ങിൽ ജൂനിയർ വിദ്യാർഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി രാഹുലാണ് അവസാന വർഷ ഡിഗ്രി വിദ്യാർഥികളുടെ റാഗിങ്ങിനിരയായത്. രാഹുലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന രാഹുലിനെ സീനിയർ വിദ്യാർഥികൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നുവത്രെ. മർദനത്തിൽ താഴെ വീണ രാഹുലിന്റെ മുഖത്തും തലക്കും നെഞ്ചിനും മീതേ ഷൂ ധരിച്ച അക്രമികൾ ക്രൂരമായി മർദിച്ചതായി പരാതിയുണ്ട്. മർദനത്തിൽ രാഹുലിന്റെ വലത് കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.   പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട നാലു വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തതായി കോഓപറേറ്റീവ് കോളജ് സെക്രട്ടറി അറിയിച്ചു.