• admin

  • April 28 , 2023

കല്പറ്റ : ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാജോസഫ്, കഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. ആധുനികാനന്തര മലയാള ചെറുകഥയേയും നോവലിനേയും ഭാഷയിലേയും ബിംബാവലികളുടേയും നവീനതകൊണ്ട് പുതുക്കിപ്പണിത എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ എന്ന് പുരസ്കാര സമിതി വിലയിരുത്തി. അന്യൂനമായ ക്രാഫ്റ്റിന്റെ ഭംഗിയും ദൃഢതയും സുഭാഷ് ചന്ദ്രന്റെ എഴുത്തിന്റെ സവിശേഷതയാണ്. തച്ചനക്കര എന്ന ഗ്രാമത്തെ അനശ്വരമാക്കിക്കൊണ്ട് നൂറ് വർഷത്തെ മലയാളി ജീവിതത്തെ വ്യത്യസ്തമായി വ്യാഖ്യാനിച്ച 'മനുഷ്യന് ഒരാമുഖം' എന്ന നോവൽ മലയാളി നോവൽ സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. സമുദ്രശില' എന്ന രണ്ടാമത്തെ നോവൽ എഴുത്തിന്റെ സാമ്പ്രദായിക രീതികളെത്തന്നെ മാറ്റിമറിച്ചു. സുഭാഷ് ചന്ദ്രന്റെ സർഗ്ഗാവിഷ്കാരങ്ങളിൽ എഴുത്തിന്റെ ധ്യാനവും ഭാഷയുടെ നവീനത്വവും ഒരേ പോലെ അനുഭവിക്കാൻ സാധിക്കുന്നുവെന്ന് സമിതി നിരീക്ഷിച്ചു. 1972-ൽ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ ജനിച്ച സുഭാഷ് ചന്ദ്രന്റെ 'ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം' എന്ന കഥയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. ഇതേ പേരിലുള്ള ആദ്യ കഥാസമാഹാരത്തിന് 2001ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ആദ്യ നോവലായ മനുഷ്യന് ഒരു ആമുഖം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം തുടങ്ങി പന്ത്രണ്ടോളം പുരസ് കാരങ്ങൾ നേടി. സമുദ്രശില നോവലിന് പ്രഥമ പത്മരാജൻ നോവൽ പുരസ്കാരം, പ്രഥമ മലയാറ്റൂർ രാമകൃഷ്ണൻ ഫൗണ്ടേഷൻ സാഹിത്യപുരസ്കാരം, ഒ.വി. വിജയൻ പുരസ്കാരം, എം. സുകുമാരൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചു. മനുഷ്യന് ഒരു ആമുഖം | Preface to Man എന്ന പേരിൽ ഹാർപ്പർ കോളിൻസ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. പറുദീസാനഷ്ടം, സൻമാർഗം, ഗുപ്തം എന്നീ കഥകൾക്ക് ചലച്ചിത്രഭാഷ്യങ്ങൾ വന്നിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേണലിസം ഫാക്കൽറ്റി കൂടിയായ സുഭാഷ് ചന്ദ്രൻ ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്നു. ഭാര്യ: ജയശ്രീ. മക്കൾ: സേതുപാർവതി, സേതുലക്ഷ്മി. എം.വി.ശ്രേയാംസ് കുമാർ ചെയർമാൻ