പത്തനംതിട്ട : ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയില്‍ കനത്ത ജാഗ്രത. പൊതുപരിപാടികള്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ഇതുവരെ നടത്തിയ എല്ലാ യാത്രകളും പരിശോധിക്കുമെന്നു ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇവര്‍ ബന്ധപ്പെട്ടവരുടെ പട്ടിക വൈകിട്ടോടെ തയാറാക്കും. ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റും. ഭീതി വേണ്ടെന്നും ജാഗ്രതയും കരുതലുമാണ് വേണ്ടതെന്നും പി.ബി. നൂഹ് പറഞ്ഞു. ജില്ലയിൽ അഞ്ച് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില പരിശോധിക്കാനുമായി എട്ട് ടീമുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും. ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കോവിഡ് 19 ബാധിച്ച അഞ്ചുപേരുടെയും നില തൃപ്തികരമെന്ന് പത്തനംതിട്ട ഡിഎംഒ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിക്കും ബന്ധുക്കള്‍ക്കുമുള്‍പ്പെടെ 5 പേര്‍ക്കാണ് പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ പിതാവ്, മാതാവ്, മകന്‍ എന്നിവര്‍ക്കും പിതാവിന്റെ സഹോദരനും ഭാര്യയ്ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ ആളുടെ സഹോദരനും ഭാര്യയും റാന്നി സര്‍ക്കാര്‍ ആശുപത്രിയില്‍ പനിയെ തുടര്‍ന്നു ചികില്‍സ തേടിയതോടെയാണു വിവരം പുറത്ത് അറിഞ്ഞത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ സഹോദരനും കുടുംബവും ഇറ്റലിയില്‍ നിന്നു നാട്ടിലെത്തിയ വിവരം ഇവര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തെ വീട്ടില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കു വിധേയമാകണമെന്നു നിര്‍ദേശിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോടു പറഞ്ഞു. ഇവരുടെ പ്രായമായ മാതാപിതാക്കള്‍ക്കും പനിയുണ്ട്. ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആംബുലന്‍സില്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തി പ്രായമായ മാതാപിതാക്കളോടു രോഗത്തിന്റെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോകാന്‍ തയാറായി. ഇതില്‍ മാതാവിനു കടുത്ത പനിയുണ്ട്. ഇറ്റലിയില്‍ നിന്നുള്ള കുടുംബം 15 വര്‍ഷമായി അവിടെ സ്ഥിര താമസമാണ്. കഴിഞ്ഞ 29ന് ആണ് നാട്ടിലെത്തിയത്. അവധിക്കു നാട്ടിലെത്തിയ ഇവര്‍ ബന്ധുവീടുകളില്‍ പലയിടത്തും സന്ദര്‍ശനം നടത്തിയിരുന്നു. ഇറ്റലിയില്‍ നിന്നുള്ള ദമ്പതിമാരില്‍ ഭാര്യ കഴിഞ്ഞ ദിവസം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയതായും വിവരമുണ്ട്. ഇവരുമായി ബന്ധപ്പെട്ടവരെയും ഇവര്‍ സന്ദര്‍ശിച്ച വീടുകളും കണ്ടുപിടിക്കാന്‍ 7 സംഘങ്ങളെ ആരോഗ്യ വകുപ്പ് നിയോഗിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി