• admin

  • January 19 , 2020

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ഈ മാസം 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ വാദം കേള്‍ക്കുന്നതിനായി അഹമ്മദാബാദ് കോടതില്‍ ഹാജരാവാത്തതിനെ തുടര്‍ന്നായിരുന്നു ഹാര്‍ദിക് പട്ടേലിനെ ശനിയാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ വീരംഗാമില്‍ വെച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്യുന്നത്. 2015 ആഗസ്റ്റ് 25 ന് സംഘടിപ്പിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് പിന്നാലെ ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. കേസില്‍ ഹാര്‍ദിക് പട്ടേലിനെ 2 വര്‍ഷത്തേക്ക് ജയിലിലടയ്ക്കാന്‍ കോടതിവിധിച്ചിരുന്നു ഗുജറാത്തിലെ മെഹ്സാന കോടതിയുടേതായിരുന്നു വിധി. ഹാര്‍ദികിനെ കൂടാതെ പ്രക്ഷോഭം നയിച്ച ലാല്‍ജിത് പട്ടേലിനെതിരെയും ശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ വിസ്നഗര്‍ ബി.ജെ.പി എം.എല്‍.എ റുഷികേഷ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലും ഹാര്‍ദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം ഓഫീസ് തകര്‍ത്തതായിരുന്നു സംഭവം. ഹാര്‍ദിക് ഉള്‍പ്പടെ 17 പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായിരുന്ന ഹാര്‍ദിക് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.