• admin

  • January 16 , 2020

തിരുവനന്തപുരം : പോളണ്ടിലെ വിവിധ തൊഴില്‍ മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് തൊഴിലവസരമൊരുക്കാന്‍ ധാരണയായി. പോളണ്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള പ്രതിനിധിസംഘം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോര്‍സെവ്സ്‌കി, കത്തോവിസ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും സ്ലോവേനിയ കോണ്‍സലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റര്‍ ക്ലബ്ബിലെ വിദഗ്ധന്‍ മിഷേല്‍ വിസ്ലോവ്സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുന്‍ മോഹന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പോളണ്ടിലെ നിരവധി തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പോളണ്ട് സംഘം അറിയിച്ചു. ഓട്ടോമൊബൈല്‍, നിര്‍മാണം, ഘന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷന്‍, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതല്‍ പേരെ ആവശ്യമുള്ളത്. ഏതൊക്കെ മേഖലകള്‍ തിരിച്ചുള്ള തൊഴിലവസരങ്ങളുടെ വിവരം ഉടന്‍ സര്‍ക്കാരിനെ അറിയിക്കും. ഇതിനുള്ള തൊഴില്‍, ഭാഷാ പരിശീലനങ്ങള്‍ നല്‍കുന്നതിനും ധാരണയായി. നിലവില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്ന സംവിധാനം കേരളത്തിലുണ്ട്. ഇതിനു പുറമെ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയിലെ ഏജന്‍സികളെ ഉപയോഗിച്ച് നിര്‍വഹിക്കും. അത് സാധ്യമായില്ലെങ്കില്‍ പോളണ്ടില്‍ നിന്നുള്ള പരിശീലക സംഘം കേരളത്തിലെത്തി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗ്രൂപ്പിന് പ്രത്യേക തൊഴില്‍ പരിശീലനം നല്‍കും. ഇവര്‍ കൂടുതല്‍ പേര്‍ക്ക് പിന്നീട് പരിശീലനം നല്‍കും. ഭാഷാ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ കൂടി ലക്ഷ്യമിട്ട് കേരളത്തില്‍ പോളിഷ് സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനം തുടങ്ങാന്‍ തയ്യാറാണെന്നും പോളണ്ട് സംഘം അറിയിച്ചു. തൊഴില്‍ നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം തുടങ്ങുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. പോളണ്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് തന്നെ അതിലേക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് നല്‍കിയ പ്രത്യേക തൊഴില്‍ പരിശീലനം വഴി ഇതിനകം 383 പേര്‍ക്ക് വിദേശത്തും അയ്യായിരത്തിലധികം പേര്‍ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് തൊഴിലിനായി പോകുന്നതിന് പട്ടികജാതി-പട്ടികവര്‍ഗ ചെറുപ്പക്കാര്‍ക്ക് പരിശീലവും തുടര്‍ന്ന് യാത്ര രേഖകള്‍ തയ്യാറാക്കി വിമാന ടിക്കറ്റ് അടക്കം നല്‍കുന്നത് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പാണ്.