• Lisha Mary

  • March 7 , 2020

കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും വളര്‍ത്തു പക്ഷികളെ മുഴുവന്‍ ഞായറാഴ്ച മുതല്‍ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് നശിപ്പിക്കുക. ഇതിനുപുറമെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത പ്രഖ്യാപിച്ചു. ഈ പരിധിയിലുള്ള കോഴിക്കടകളും ഫാമുകളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് അംഗങ്ങളുള്ള ഇരുപത്തിയഞ്ച് ടീമുകള്‍ സജ്ജമായി. എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലും. മരത്തിലുള്ള കൂടുകളും മുട്ടകളും നശിപ്പിക്കുമെന്നും യോഗത്തിന് ശേഷം ബന്ധപ്പെട്ടവര്‍ പറഞ്ഞു. വെസ്റ്റ് കൊടിയത്തൂരില്‍ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊടിയത്തൂരിലെ പുതിയോട്ടില്‍ സെറീന, മജീദ് എന്നിവര്‍ നടത്തിയിരുന്ന പുതിയോട്ടില്‍ ഫാമിലെ 2,000 കോഴികളാണ് രോഗത്തെ തുടര്‍ന്ന് ചത്തത്. വേങ്ങേരിക്ക് അടുത്തുള്ള തടമ്പാട്ട് താഴത്തുള്ള വേണുവിന്റെ കോഴികളിലാണ് രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടെത്തുകയായിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. എങ്കിലും അതീവ ജാഗ്രതയും മുന്‍ കരുതലും വേണമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ ഭീതി വേണ്ട. നന്നായി പാകം ചെയ്തത് മാത്രം കഴിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പക്ഷിപ്പനി കാലാവസ്ഥാമാറ്റത്തിന്റെ ഫലമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പുമായി യോജിച്ചുകൊണ്ട് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. ഇത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ള വര്‍ഷമാണെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.