• admin

  • January 23 , 2020

കൊല്‍ക്കത്ത : സുഭാഷ് ചന്ദ്രബോസിന്റെ 123 ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് ബംഗാളില്‍ നടന്ന പരിപാടിക്കിടെ നേതാജിയുടെ പ്രതിമയുടെ കൈയില്‍ ബി.ജെ.പി പതാക പിടിപ്പിച്ച പാര്‍ട്ടി നടപടിക്കെതിരെ വിമര്‍ശനവുമായി അനന്തരവനും ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷനുമായ ചന്ദ്രബോസ്. ''നേതാജിക്ക് തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം കക്ഷി രാഷ്ട്രീയത്തേക്കാള്‍ മുകളില്‍ നിന്ന വ്യക്തിയാണ്. ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാജി സുഭാഷ് ബോസിനെ അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് നേതാജിയെ സ്വന്തമാക്കാന്‍ കഴിയില്ല, പക്ഷേ ഒരു പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയില്‍ പാര്‍ട്ടി പതാക പിടിപ്പിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരമൊരു നടപടിയെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഉടന്‍ തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നു'',അദ്ദേഹം പറഞ്ഞു. ബംഗാളിലെ നാദിയ ജില്ലയിലുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ കൈയിലാണ് ബി.ജെ.പിയുടെ പതാക പിടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പാര്‍ട്ടി തുടര്‍ന്നുപോരുന്ന നിലപാടിനേയും ചന്ദ്രബോസ് വിമര്‍ശിച്ചു. സി.എ.എയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്ത പക്ഷം ഇനിയും പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ചന്ദ്രബോസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.