• admin

  • January 7 , 2020

: ഇടുക്കി: നാലുപതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകള്‍ സഫലമാകുന്നുവെന്ന് അറിഞ്ഞപ്പോള്‍ എണ്‍പതുവയസു പിന്നിട്ട തെക്കുംമന കാളിയമ്മയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ്. കാളിയമ്മയ്‌ക്കൊപ്പം സന്തോഷത്തിലാണ് തൊടുപുഴ അഞ്ചിരി തലയനാട് പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബാംഗങ്ങള്‍. അധ്വാനിച്ച സ്വന്തം ഭൂമിയ്ക്ക് അവകാശ രേഖ യാഥാര്‍ഥ്യമാകുന്നുവെന്നതാണ് ഇവരുടെ ആഹ്ലാദത്തിന് കാരണം. ജില്ലയിലെ വിവിധ തലങ്ങളില്‍ നിന്നുള്ള നിവേദനങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണിയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും മുന്‍കൈയെടുത്താണ് അര്‍ഹതപ്പെട്ടവര്‍ക്കു പട്ടയം നല്‍കാന്‍ നടപടികളെടുത്തത്. ജില്ലയില്‍ എണ്ണായിരത്തിലേറെപ്പേര്‍ക്ക് പട്ടയം കൊടുക്കാനുള്ള നടപടികള്‍ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ജനുവരി 24ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാള്‍ ഓഡിറ്റേറിയത്തില്‍ നിശ്ചയിച്ചിരിക്കുന്ന ജില്ലാതല പട്ടയമേളയില്‍ ആദ്യം കോളനി കുടുംബങ്ങള്‍ക്കുള്ള പട്ടയം നല്‍കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. വില്ലേജ് ഓഫീസു മുതല്‍ കളക്ടറേറ്റ് വരെയുള്ള ഓഫീസുകള്‍ ഇതിനായുള്ള പണിപ്പുരയിലാണ്. അഞ്ചിരി തലയനാട് കോളനിയിലെ കുടുംബങ്ങള്‍ മിക്കവരും 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കുടിയേറി പാര്‍പ്പുറപ്പിച്ചവരാണ്.