• admin

  • March 27 , 2022

കൽപ്പറ്റ :   നീട്ടിയെഴുതിയ ദമയന്തിയുടെ കണ്ണുകളില്‍ ഭാവങ്ങളുടെ തിരയിളക്കങ്ങള്‍. മുഖത്ത് മിന്നായം പോലെ നവരസങ്ങളുടെ വിഭിന്ന ഭാവങ്ങള്‍. കഥകള്‍ക്കുള്ളിലെ കഥ പറഞ്ഞ് നളചരിതം. തിരക്കൊഴിയാത്ത ഔദ്യോഗിക ചുമതലകളുടെ ഇടയില്‍ നിന്നും കഥകളിയുടെ അരങ്ങില്‍ ദമയന്തിയായി വയനാട് ജില്ല കളക്ടര്‍ എ.ഗീതയെത്തിയപ്പോള്‍ വള്ളിയൂര്‍ക്കാവ് ഉത്സവ വേദിക്കും ഇതൊരു വേറിട്ട മുഹൂര്‍ത്തമായി. ആട്ടക്കഥകളില്‍ പ്രധാനപ്പെട്ട നളചരിതം ഒന്നാം ദിവസത്തില്‍ ഉദ്യാനത്തില്‍ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷമാണ് ജില്ല കളക്ടറെ തേടിയെത്തിയത്.   നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടയുമാണ് അരങ്ങേറ്റത്തിന്റെ ആശങ്കകളില്ലാതെ ജില്ലാ കളക്ടര്‍ അവതരിപ്പിച്ചത്. കഥയാടി തീര്‍ന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെ സദസ്സും ദമയന്തിയെയും കൂട്ടരെയും അഭിനന്ദിച്ചു. ജില്ലാ കളക്ടറെന്ന ചുമതലകള്‍ ഏറ്റെടുക്കുന്നതിനും എത്രയോ കാലം മുമ്പേ കഥകളി അവതരിപ്പിക്കാനുള്ള തീവ്രമായ അഭിലാഷം മനസ്സിലുണ്ടായിരുന്നു. ഈ പൂര്‍ത്തീകരണം കൂടിയാണ് എ.ഗീതയെ നിയോഗം പോലെ വള്ളിയൂര്‍ക്കാവിന്റെ സന്നിധിയിലെത്തിയത്. ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ അങ്കണത്തില്‍ അവസരമൊരുങ്ങിയതോടെ കഥകളി പരിശീലനം ദിവസങ്ങള്‍ക്ക് മുമ്പേ ഗൗരവമായെടുത്തു. കഥകളി ആചാര്യനായ കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ചു. ജോലി പരമായ തിരിക്കുകളില്‍ നിന്നും അധിക സമയം കണ്ടെത്തിയായിരുന്നു പരിശീലനം.   കഥകളി അഭ്യസിച്ചിട്ടുള്ള, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാരിയായും ആലപ്പുഴ സ്വദേശിയുമായ രതി സുധീറും ഒപ്പം ചേര്‍ന്നതോടെ കഥകളി സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. മൂവര്‍ സംഘങ്ങളുമായി സ്ത്രീ പ്രാധാന്യത്തോടെയുള്ള കഥകളിയുടെ അരങ്ങിന് ഇതോടെ വള്ളിയൂര്‍ക്കാവില്‍ വിളക്ക് തെളിഞ്ഞു. കോട്ടയ്ക്കല്‍ സി.എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ ഹരിദാസ്, സുഭദ്രനായര്‍, രതി സുധീര്‍, രമ്യകൃഷ്ണ എന്നിവരാണ് ജില്ലാ കളക്ടര്‍ എ.ഗീതയ്‌ക്കൊപ്പം ഇവിടെ അരങ്ങിലെത്തിയത്.   *സഫലമായ ആഗ്രഹം*   ചെറുപ്പത്തില്‍ ചെന്നൈയിലെ വിദ്യാലയത്തില്‍ നിന്നും തുടങ്ങി ഭരതനാട്യ പഠനം എ.ഗീത മുന്നോട്ട് കൊണ്ടുപോയിരുന്നു. ഒട്ടേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ചു. ഈ മെയ് വഴക്കമാണ് കഥകളിയുടെ അരങ്ങിലേക്കും ശ്രദ്ധപതിപ്പിച്ചത്. മുദ്രകളും ഭാവങ്ങളുമെല്ലാം വിഭിന്നങ്ങളാണെങ്കിലും കഥകളിയോടുള്ള ഭ്രമം നല്ലൊരു പഠിതാവാക്കി. ഈ കഠിനമായ പരിശ്രമങ്ങളാണ് ദമയന്തിയെ അരങ്ങിലെത്തിക്കാന്‍ പിന്തുണയായത്. ഒപ്പമുള്ള സുഭദ്രനായരും കഥകളി പാരമ്പര്യമുള്ള രതി സുധീറും കലാപഠനത്തിന് ആശാന്‍ സി.എം.ഉണ്ണികൃഷ്ണനൊപ്പം ഏറെ സഹായിച്ചതായി ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു.   പൂതനാ മോക്ഷം, നളചരിതം ഒന്നാം ദിവസം, കിരാതം എന്നിങ്ങനെ മൂന്ന് കഥകളാണ് വള്ളിയൂര്‍ക്കാവില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്രകലകളുടെ വേദിയില്‍ ശനിയാഴ്ച രാത്രിയില്‍ അരങ്ങേറിയത്. പൂതനയുടെ അമ്പാടിയിലേക്കുള്ള പ്രവേശനം അവിടുത്തെ വര്‍ണ്ണനകള്‍ എന്നിങ്ങനെയായിരുന്നു പൂതനാ മോക്ഷം എന്ന കഥയിലെ പ്രതിപാദ്യം. നാലുദിനം നീണ്ടു നില്‍ക്കുന്ന നളചരിതം ആട്ടക്കഥയിലെ നളചരിതം ഒന്നാം ദിവസമാണ് ഇവിടെ രണ്ടാമതായി അരങ്ങേറിയത്. ദമയന്തിയും സഖിമാരും ചേര്‍ന്നുള്ള ഉദ്യാനത്തിലെ വര്‍ണ്ണനകളും ഹംസത്തിന്റെ പ്രവേശവുമെല്ലാം ഇവിടെ ഇതള്‍ വിരിയുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് പാശുപതാസ്ത്രം ലഭിക്കാനായുള്ള അര്‍ജ്ജുനന്റെ ഉഗ്രതപസ്സും അതിനോട് ചേര്‍ന്ന രംഗങ്ങളുമാണ് കിരാതം എന്ന കഥയിലൂടെ പറഞ്ഞത്.   *നിറഞ്ഞ സദസ്സ്*   ആറാട്ട് മഹോത്സവത്തിന് കഥകളിവരെയുള്ള ക്ഷേത്രകലകളെല്ലാം വേദിയാകാറുള്ള വള്ളിയൂര്‍ക്കാവിലെ മേലെക്കാവ് അങ്കണം ജില്ലാ കളക്ടറടങ്ങിയ സംഘത്തിന്റെ കഥകളി അവതരണം കാണാന്‍ മേലെ കാവിലെ പ്രത്യേക വേദി നിറഞ്ഞു കവിഞ്ഞു. പൊതുവേയും ക്ഷേത്രകലകള്‍ അടുത്തറിയാന്‍ അവസരം ലഭിക്കാത്ത വയനാടിന് ഈ വേദിയും വേറിട്ടതായിരുന്നു. കഥകളിയെന്ന കലാരുപത്തെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സദസ്സിന്റെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. കലയെ അത്രയധികം സ്‌നേഹിക്കുന്ന മുതിര്‍ന്നവരും കഥകളി ആസ്വദിക്കാനും പിന്തുണയ്ക്കാനും എത്തിയിരുന്നു. എം.എൽ. എ മാരായ ഒ.ആർ.കേളു, ടി.സിദ്ധിഖ് തുടങ്ങിയവരും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നാനാതുറകളിലുള്ളവർ കഥകളി കാണാൻ എത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ എല്ലാവരെയും ചടങ്ങിലേക്ക് ഹൃദ്യമായി സ്വീകരിച്ചു.