• admin

  • February 12 , 2020

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അപകട സാധ്യത ഒഴിവാക്കാനുമായി സേഫ്റ്റി കണ്‍സള്‍ട്ടന്റ് ടീം രൂപീകരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിലാകും ടീം രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ആരോഗ്യ - സുരക്ഷിതത്വ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്കു കൂടുതല്‍ സുരക്ഷിതത്വ ബോധമുണ്ടാക്കുക, തൊഴില്‍ സ്ഥാപനങ്ങളില്‍ നിയമവിധേയമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക എന്നിവയാകും സേഫ്റ്റി കണ്‍സള്‍ട്ടന്റ് ടീമിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. ടീം രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. അപകടമുക്തമായ തൊഴിലിടങ്ങള്‍ എന്ന ലക്ഷ്യത്തോടെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിശീലന - ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശമാണ്. ഫാക്ടറി നിയമം അനുശാസിക്കുന്നവിധത്തില്‍ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താന്‍ കഴിയണം. പൊതുസമൂഹത്തിലും സുരക്ഷാ ബോധം വളര്‍ത്തിയെടുക്കണം. തൊഴില്‍ സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിലും തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിലും തൊഴിലുടമകളുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടണം. ഒരേ തൊഴിലില്‍ ഏര്‍പ്പെടുന്നതുമൂലം കാലക്രമേണ തൊഴില്‍ജന്യരോഗങ്ങള്‍ക്ക് തൊഴിലാളികള്‍ ഇരകളാകുന്ന സാഹചര്യം നേരിടുന്നതിനും നടപടിയെടുക്കണം. ഇതിനായി കൊല്ലത്തെ ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇഎസ്ഐയുമായി സഹകരിച്ച് കയര്‍, കശുവണ്ടി, മെറ്റല്‍, ക്രഷര്‍, സീഫുഡ് പ്രോസസിംഗ്, പാക്കിങ്ങ് മേഖലകളില്‍ തൊഴില്‍ജന്യരോഗനിര്‍ണയ സര്‍വെ പൂര്‍ത്തിയാക്കി. ഈ വര്‍ഷം ടെക്സ്റ്റൈല്‍, ഇലക്ട്രോപ്ലേറ്റിംഗ്, ഇലക്ട്രോണിക്സ്, വെല്‍ഡിംഗ് മേഖലകളില്‍ സര്‍വെ നടത്താന്‍ ആലോചിക്കുന്നുണ്ട്. നിര്‍മാണമേഖലയിലെ എല്ലാ തൊഴിലാളികളെയും കെട്ടിട നിര്‍മാണ ക്ഷേമനിധിയില്‍ അംഗങ്ങളാക്കാനുള്ള നടപടിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം എസ്പി ഗ്രാന്‍ഡ് ഡെയ്സ് ഹോട്ടലില്‍ നടന്ന ദ്വിദിന പരിശീലന പരിപാടിയില്‍ ചെറുകിട കെട്ടിട നിര്‍മാണ തൊഴിലാളികള്‍, തൊഴിലുടമകള്‍, കെട്ടിട നിര്‍മാണ പ്രതിനിധികള്‍, കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍നിന്നുള്ള 35 പ്രതിനിധികള്‍ പങ്കെടുത്തു. രാജ്യത്ത് ആദ്യമായാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സുരക്ഷിതത്വ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പരിശീലന പരിപാടി സംഘടിപ്പിച്ചത്.