• admin

  • February 7 , 2020

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കി അടിമാലി ഗ്രാമപഞ്ചായത്തിന്റെ തുണി സഞ്ചി പ്രദര്‍ശന മേള. കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച തുണി സഞ്ചികളുടെ പ്രദര്‍ശനം പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടത്തി. ഹരിത കേരള മിഷന്റെയും പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിച്ച തുണി സഞ്ചികള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തിച്ചു. തുണി സഞ്ചികളുടെ പരിചയപ്പെടുത്തലും വിപണന സാധ്യത തുറക്കലുമാണ് മേളയിലൂടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് പ്രദര്‍ശന മേളയുടെ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഇനത്തിലും വലിപ്പത്തിലും വിലയിലും ഗുണമേന്മയിലുമുള്ള തുണി സഞ്ചികള്‍ മേളയിലുണ്ട്. ഹരിത കേരളമിഷനുമായി കൈകോര്‍ത്തായിരുന്നു കുടുംബശ്രീ അംഗങ്ങള്‍ക്ക് തുണി സഞ്ചി നിര്‍മ്മാണ പരിശീലനം നല്‍കിയത്. ഓര്‍ഡര്‍ അനുസരിച്ച് യൂണിറ്റുകള്‍ തുണി സഞ്ചി നിര്‍മ്മിച്ച് നല്‍കും.അടിമാലി ടൗണിലെ വ്യാപാര സമൂഹവും പൊതുപ്രവര്‍ത്തകരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും മേളയില്‍ സംബന്ധിച്ചു.