• admin

  • January 18 , 2020

മുംബൈ : രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ അഹമ്മദാബാദ്-മുംബൈ തേജസ് എക്‌സ്പ്രസ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഹമ്മദാബാദില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പതിവു സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. പൂര്‍ണമായും ശീതീകരിച്ച അത്യാധുനിക സംവിധാനങ്ങളോടെയാണ് തേജസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ 500 കിലോമീറ്ററോളം ദൂരം ആറര മണിക്കൂര്‍ കൊണ്ട് ഈ ട്രെയിന്‍ പിന്നീടും. ഐആര്‍സിടിസിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. തിരക്ക് അനുസരിച്ച് നിരക്ക് രേഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വിമാന ടിക്കറ്റിലേതുപോലെ, തിരക്കു കൂടുന്നതനുസരിച്ചു നിരക്കു കൂടുന്ന ഡൈനാമിക് പ്രൈസിങ് രീതിയിലാണ് ടിക്കറ്റ്. ആദ്യം എടുക്കുന്നയാള്‍ക്കു താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുമ്പോള്‍ അതിന്റെ പല മടങ്ങായിരിക്കും അവസാനം എടുക്കുന്നയാളുടെ ടിക്കറ്റ് നിരക്ക്. ഉല്‍സവകാലത്തും തിരക്കേറെയുള്ള സീസണുകളിലും നിരക്കേറും. 60 ദിവസം മുന്‍പ് ബുക്ക് ചെയ്യാം. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും വിധമാണ് ക്രമീകരണം. റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റുകള്‍ ലഭിക്കില്ല. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലും അവര്‍ അനുവദിച്ചിരിക്കുന്ന സ്വകാര്യ യാത്രാ ഓണ്‍ലൈനുകളിലും മാത്രമായിരിക്കും ടിക്കറ്റുകള്‍ ലഭ്യമാവുക.