• Lisha Mary

  • March 9 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തി രോഗബാധ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ വൈറസ് വ്യാപനത്തിന്റെ തോത് സംബന്ധിച്ച വിവരങ്ങള്‍ മികച്ചരീതിയില്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. സാമ്പിള്‍ പരിശോധനയ്ക്ക് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ളതായി കണ്ടെത്തിയത് 95 പേരാണ്. കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നത്് മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ഇവരുമായുള്ള പ്രൈമറി കോണ്ടാക്ടില്‍ വരുന്നത് 270 പേരാണ്. സെക്കന്‍ഡറി കോണ്ടാക്ട് 449 പേരാണ്. തിങ്കളാഴ്ച പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആറ് പേരാണ്. ഇവരെ വ്യത്യസ്ത ആശുപത്രികളിലായ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത് തുടരുകയാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ രോഗബാധിതരുടെ പ്രായം കൂടിയ മാതാപിതാക്കളുടെ പരിശോധനാ ഫലം വന്നിട്ടില്ല. എന്നാല്‍ രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അവരുടെ ഇപ്പോഴത്തെ നില തൃപ്തികരമാണ്. ഇവര്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കാന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു വയസ്സുകാരന്‍ കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിള്‍ അയച്ചിട്ടുണ്ട്. കുട്ടിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ രോഗം കണ്ടെത്തുന്നതിന് സാമ്പിള്‍ പരിശോധന നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ രണ്ടിടത്തും പരിശോധന നടത്താന്‍ സൗകര്യം ഒരുക്കും. വിമാനത്താവളം ഉള്ള എല്ലായിടത്തും പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് കമ്മിറ്റിയുടെ സഹായത്തോടെ വിദേശത്തുനിന്നെത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കും. നഗര പ്രദേശത്ത് റസിഡന്റ് അസോസിയേഷനുകളെ ചുമതലപ്പെടുത്തും. കൂടുതല്‍ രോഗികള്‍ എത്തുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പരീക്ഷ മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. നാളെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രോഗലക്ഷണങ്ങളുള്ള കുട്ടികള്‍ക്ക് പത്താംക്ലാസിലെ പരീക്ഷയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ആവശ്യമില്ലാതെ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. മാസ്‌കുകള്‍ തീര്‍ന്നുപോകുന്നത് മാത്രമല്ല പ്രശ്നം. മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ആശുപത്രി പോലുള്ള സ്ഥലങ്ങളില്‍ പോകുന്നവരാണ് അത് ഉപയോഗിക്കേണ്ടത്. മാസ്‌ക് ഉള്‍പ്പെടെയുള്ളവയ്ക്ക് അമിതമായി വിലവര്‍ധിപ്പിക്കുന്നതിനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി വ്യാജവാര്‍ത്തകള്‍ വലിയ തോതില്‍ പരക്കുന്നുണ്ട്. രോഗബാധയെക്കുറിച്ചും വൈറസിന്റെ വ്യാപനത്തെക്കുറിച്ചും പലരും തെറ്റായ വിവരങ്ങള്‍ പറഞ്ഞുപരത്തുന്നുണ്ട്. ഇത് പാടില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആധികാരിക കേന്ദ്രങ്ങളില്‍നിന്നുള്ള ബുള്ളറ്റിനുകളിലെ വിവരങ്ങള്‍ മാത്രമേ കണക്കിലെടുക്കാവൂ. രോഗബാധിതമായ വിദേശത്തുനിന്ന് എത്തിയവരില്‍ വിവരം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഉത്തരവാദിത്വബോധത്തോടെയുള്ള പെരുമാറ്റമാണ് ഈ സാഹചര്യത്തില്‍ ആവശ്യം.