• Lisha Mary

  • March 13 , 2020

കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതിയും സിപിഎം നേതാവുമായ പി കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ചു. കുഞ്ഞനന്തന്റെ ശിക്ഷ ഹൈക്കോടതി മൂന്നുമാസത്തേക്ക് മരവിപ്പിച്ചു. ചികില്‍സയ്ക്കായാണ് ജാമ്യം അനുവദിച്ചത്. തന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും, ജയിലിലെ ചികില്‍സ കൊണ്ട് കാര്യമായ ഗുണമില്ലെന്നും അതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും കാണിച്ച് കഴിഞ്ഞദിവസമാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കോടതി നിര്‍ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിച്ച് പുറത്ത് ചികില്‍സ നടത്താന്‍ അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് വിശദീകരണം തേടി. കുഞ്ഞനന്തനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അ്ടിസ്ഥാനത്തില്‍ കുഞ്ഞനന്തന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റത്തിനാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി കെ കുഞ്ഞനന്തനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.