• admin

  • August 19 , 2022

കൽപ്പറ്റ : ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രഥമ ലോക കേരളസഭാ തീരുമാനങ്ങളുടെ ഭാഗമായി പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ചതാണ് കമ്മിറ്റി. ജില്ലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. പ്രവാസികളുടെ ബന്ധപ്പെട്ട പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, കളക്ടറേറ്റിലോ സമര്‍പ്പിക്കാവുന്നതാണ്. ഈ പരാതികള്‍ അടുത്ത കമ്മിറ്റിയില്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍നടപടികള്‍ ആവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വേണ്ട പരിഹാരങ്ങള്‍ കണ്ടെത്തും. പ്രവാസികള്‍ക്ക് ഇതൊരു തുറന്ന വേദിയായിരിക്കും. കെ കെ നാണു, സരുൺ മാണി, മേരി രാജു എന്നിവരെ തിരികെ വന്ന പ്രവാസികളുടെ പ്രതിനിധികളായി സർക്കാർ നാമനിര്‍ദ്ദേശം ചെയ്തു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ കളക്ടറും, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കണ്‍വീനറും ആണ്. തിരികെ വന്ന പ്രവാസികളുടെ പ്രതിനിധികൾ കൂടാതെ ജില്ലാ പോലീസ് മേധാവി, നോര്‍ക്ക റൂട്ട്സ് പ്രതിനിധി, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പ്രതിനിധി, എന്നിവരും കമ്മിറ്റിയില്‍ ഉണ്ടാകും.