• admin

  • January 19 , 2020

വയനാട് : ജില്ലാതല പട്ടയമേള 21 ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന 500 കുടുംബങ്ങള്‍ക്കുളള പട്ടയവും അഞ്ഞൂറോളം ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുളള വനഭൂമിയുടെ കൈവശ രേഖയും മന്ത്രി കൈമാറും. ലാന്റ് ട്രിബ്യൂണല്‍ പട്ടയം, ദേവസ്വം പട്ടയം, എല്‍.എ. പട്ടയം, മിച്ചഭൂമി പട്ടയം തുടങ്ങിയ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാകളക്ടര്‍ ഡോ.അദീല അബ്ദുളള തുടങ്ങിയവര്‍ പങ്കെടുക്കും. കുപ്പാടിത്തറ വില്ലേജിനോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്സിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ റവന്യൂ മന്ത്രി നിര്‍വ്വഹിക്കും.