• admin

  • January 12 , 2020

കല്‍പ്പറ്റ : കല്‍പ്പറ്റ: ജില്ലയില്‍ വൈദ്യുതി ഭവന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. വൈദ്യുതി ഭവന്‍ സ്ഥാപിക്കുന്നതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നടത്തുന്ന വൈദ്യുതി അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വൈദ്യുതി ഭവന്‍ ഇല്ലാത്ത ഏക ജില്ലയാണ് വയനാട്. പുതിയ കാലത്തേക്ക് ആവശ്യമായ മുന്നേറ്റങ്ങള്‍ ഏറ്റെടുക്കാന്‍ വൈദ്യുതി വകുപ്പ് തയ്യാറാണ്. വൈദ്യുതി രംഗത്തെ വരുകാല ആവശ്യങ്ങള്‍ നിറവേറ്റാന്‍ തക്കനിലയിലുളള ട്രാന്‍സ് ഗ്രിഡ്, ദ്യുതി തുടങ്ങിയ പരിപാടികളുമായി സജീവമായി രംഗത്തുണ്ട്. പ്രസരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനുളള ട്രാന്‍സ് ഗ്രിഡ് പദ്ധതിക്ക് 10,000 കോടിയും വിതരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനുളള ദ്യുതി 2021 പദ്ധതിക്ക് 4000 കോടിയുമാണ് ചെലവിടുന്നത്. വൈദ്യുതി ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ ജല വൈദ്യുതി പദ്ധതികള്‍ അടക്കമുളള സാധ്യതകളും ഉപയോഗപ്പെടുത്തും. 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ കര്‍മ്മപരിപാടികള്‍ ബോര്‍ഡ് ആവിഷ്‌ക്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മുടക്കം, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കാന്‍ സാധിച്ചു. സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. വനത്തിനുളളിലൂടെ കേബിള്‍ വലിച്ച് വൈദ്യുതി നല്‍കേണ്ട ഏതാനും കേസുകള്‍ മാത്രമേ ഇനി ബാക്കിയുളളു. വനംവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അവയും പൂര്‍ത്തിയാക്കും. ഇടുക്കി ജില്ലയിലെ ആദിവാസി കോളനിയായ ഇടമലക്കുടിയില്‍ 25 കിലോമീറ്റര്‍ വനത്തിലൂടെ കേബില്‍ വലിച്ചാണ് വൈദ്യുതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ മൂന്‍ കടബാധ്യത 7500 കോടിയാണെങ്കിലും തന്നാണ്ട് ലാഭത്തിലാണ് പോകുന്നത്. ബോര്‍ഡിന്റെ മൊത്തത്തിലുളള പ്രവര്‍ത്തനം മെച്ചപ്പെട്ട അവസ്ഥയിലാണ്.ജീവനക്കാര്‍ കാര്യക്ഷമതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി രംഗത്തെ പരാതികള്‍ പരാമാവധി അദാലത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കും. ബോര്‍ഡ് തലത്തില്‍ തീര്‍പ്പാക്കേണ്ടവ അത്തരത്തിലും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.