• admin

  • March 30 , 2022

മാനന്തവാടി : കാർഷിക മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കർഷകർ കരകയറുന്നത് വരെ കാർഷിക-വിദ്യാഭ്യാസ മുൾപ്പെടെ എല്ലാ വായ്പകളിന്മേലുമുള്ള ജപ്തി നടപടികളും നിർത്തിവെക്കാൻ മുഖ്യമന്ത്രി ഇടപെടണമെണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് 1000 കത്തുകളയച്ചു. വായ്പാ കുടിശ്ശിഖയുടെ പേരിൽ ജപ്തിയും സർഫാസി നിയമമനുസരിച്ച് ഭൂമി കരസ്ഥപ്പെടുത്തൽ നടപടികളും ഊർജ്ജിതമാക്കി കർഷകരെ പൊറുതി മുട്ടിക്കുന്ന നടപടിയിൽ നിന്നും ബേങ്ക് അധികൃതരെ പിന്തിരിപ്പിക്കണമെന്നും കത്തിലൂടെ ആവശ്യപെട്ടു. കത്തയക്കലിന്റെ ഉദ്ഘാടനം മാനന്തവാടി ഹെഡ് പോസ്റ്റ് ഓഫീസിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് നിർവ്വഹിച്ചു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.എസ് മൂസ, സലീം അമ്പുകുത്തി, ബഷീർ എളമ്പിലായി, അരുൺ കുമാർ, നാസർ കേളോത്ത്, ടി.എച്ച്.മുസ്തഫ, അഫിൻ നഫ്സാൻ, സി.കെ.മുഹമ്മദ്, ഉമ്മർ, അബ്ദുൽ കലാം സംസാരിച്ചു.