• admin

  • January 7 , 2020

: കോട്ടയം: ജനറല്‍ ആശുപത്രിയുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡയാലിസിസ് യൂണിറ്റിന്റെ ചിലവുകള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കണം. സി.ടി സ്‌കാനര്‍, ലാപ്രോസ്‌കോപിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍, ട്രോമകെയര്‍ യൂണിറ്റ്, സ്‌ട്രോക്ക് യൂണിറ്റ് തുടങ്ങി നിരവധി സംവിധാനങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിക്കാന്‍ സാധിച്ചു. രണ്ടര കോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന ഒ.പി നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ കോട്ടയം ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പില്‍ പുതിയ തസ്തികകള്‍ അനുവദിച്ചതില്‍നിന്ന് അത്യാഹിത വിഭാഗത്തില്‍ രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും മൂന്ന് ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെയും ഫോറന്‍സിക് സര്‍ജനെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പത്ത് നില കെട്ടിടത്തിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.74 കോടി രൂപ ചെലവിട്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആധുനിക സൗകര്യങ്ങളുളള ബ്ലഡ് ബാങ്ക്, ലാബ്, സ്റ്റോര്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 35 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വയോജന വാര്‍ഡിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പൊതുസമ്മേളനം ഉമ്മന്‍ചാണ്ടി എം.എല്‍. എ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.