• Lisha Mary

  • March 9 , 2020

റോം : കൊറോണ വൈറസ് പിടിമുറുക്കിയതോടെ ഇറ്റലിയിലെ നാലിലൊന്ന് ജനങ്ങളുടെ ജീവിതവും സ്തംഭിച്ചു. 1.6 കോടി ജനങ്ങളാണ് സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത്. ചൈനയ്ക്കുശേഷം ഇറ്റലിയിലാണ് കൊറോണ വൈറസ് കൂടുതല്‍പ്പേരുടെ ജീവന്‍ കവര്‍ന്നത്. 230-ലേറെപ്പേര്‍ ഇറ്റലിയില്‍ മരിച്ചു. ഞായറാഴ്ച മാത്രം 36 പേരാണ് മരിച്ചത്. 5883 പേരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലെ മോഡേന, പര്‍മ, പിയാസെന്‍സ, റെഗ്ഗിയോ എമീലിയ, റിമിനി, പെസാറോ ആന്‍ഡ് ഉര്‍ബിനോ, അലക്സാന്‍ഡ്രിയ, അസ്ടി, നോവാറ, വെര്‍ബാനോ കുസിയോ ഒസ്സോല, പഡ്വ, വെര്‍സെല്ലി, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ അധികാരികളില്‍നിന്ന് പ്രത്യേക അനുവാദം വാങ്ങണം. പ്രധാന നഗരങ്ങളായ വെനീസ്, മിലാന്‍ എന്നിവിടങ്ങളെ വിലക്ക് കാര്യമായി ബാധിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. രാജ്യത്തെങ്ങും സ്‌കൂളുകള്‍, സിനിമാ തിയേറ്ററുകള്‍, ജിം, മ്യൂസിയം, നിശാക്ലബ്ബ് തുടങ്ങിയവ ഏപ്രില്‍ മൂന്നുവരെ അടച്ചിടാന്‍ പ്രധാനമന്ത്രി ജുസെപ്പെ കോന്‍തെ ഉത്തരവിറക്കി. കൊറോണയെ പ്രതിരോധിക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളാണ് ഇറ്റലി ചെയ്യുന്നതെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.