• admin

  • January 31 , 2020

ആലപ്പുഴ : ഉയരുന്ന ചൂട് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പുളിരസം കൂട്ടുന്നു. ശരാശരി 5.5നും 6.5നും ഇടയില്‍ നില്‍ക്കേണ്ട മണ്ണിന്റെ പിഎച്ച് മൂല്യം പല പാടരേഖരങ്ങളിലും 2.5നും മൂന്നിനും ഇടയിലെത്തിയതായാണ് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. പിഎച്ച് മൂല്യം കുറയുന്നത് പുളിരസം കൂടുന്നതിന്റെ സൂചകമാണ്. അപ്പര്‍കുട്ടനാടന്‍ മേഖലയിലാണ് പുളിരസം കൂടുന്നത്. വെള്ളം കയറിയിറങ്ങല്‍ കൃത്യമായി നടക്കുന്നതിനാല്‍ സമനിരപ്പിലുള്ള കായല്‍നിലങ്ങളെ കാര്യമായി ബാധിക്കുന്നില്ല. ഇവിടങ്ങളിലെ ഉയര്‍ന്ന പാടശേഖരങ്ങളില്‍ പുളിരസം കൂടുന്നുണ്ട്. അപ്പര്‍കുട്ടനാട്ടിലെ ഏതാനും പാടശേഖരങ്ങള്‍ ഓരുജല ഭീഷണിയിലാണ്. കായലിലൂടെ ഉപ്പുവെള്ളം കയറുമ്പോള്‍ പുളിയിളക്കം വേഗത്തിലാകുന്നത് കൃഷിയെ ബാധിക്കും.നീലംപേരൂര്‍, വെളിയനാട്, തലവടി, ചമ്പക്കുളം, അപ്പര്‍കുട്ടനാട്ടിലെ ചെറുതന, വീയപുരം എന്നിവിടങ്ങളിലെ പാടങ്ങളിലും പുറക്കാട്, തകഴി, അമ്പലപ്പുഴ, കരുവാറ്റ എന്നിവിടങ്ങളിലെ കരിനിലങ്ങളിലുമാണ് പുളിരസം കൂടുതലായി കാണുന്നതെന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അസി. ഡയറക്ടര്‍ പി സ്മിത പറഞ്ഞു. വെള്ളപ്പൊക്കവും മഴയും കാരണം രണ്ടാംകൃഷി വിളവെടുപ്പ് വൈകിയിരുന്നു. പുഞ്ചകൃഷിയിറക്കാന്‍ വൈകിയ പാടങ്ങളില്‍ പുളിരസത്തെത്തുടര്‍ന്ന് നെല്‍ച്ചെടികളില്‍ ഇലകരിച്ചിലുണ്ട്. 15 മുതല്‍ 95 ദിവസംവരെ പ്രായമായ നെല്‍ച്ചെടികളാണുള്ളത്. ഇതില്‍ 50ല്‍ താഴെ പ്രായമുള്ള ചെടികളെയാണ് കൂടുതല്‍ ബാധിക്കുക. 35 മുതല്‍ 36 ഡിഗ്രിവരെയാണ് ശരാശരി താപനില. 30 ഡിഗ്രിയില്‍ കൂടിയാല്‍ മണ്ണ് ചൂടാകുന്നുണ്ട്. മണ്ണ് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ അലുമിനിയം, ഇരുമ്പ് അംശം കൂടുതലായി കണ്ടു. അമ്ലതജന്യ വസ്തുക്കള്‍ ഉയര്‍ന്നുവരുമ്പോള്‍ വളം നല്‍കിയാലും അത് വലിച്ചെടുക്കാനുള്ള കഴിവ് മണ്ണിന് നഷ്ടമാകും. അതേസമയം വിഷാംശം വലിച്ചെടുക്കും. ഇതാണ് ഇലകരിച്ചില്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ക്ക് കാരണം. നെല്ല് കതിരിടുന്ന സമയത്താണ് ഈ മാറ്റം. കഴിഞ്ഞദിവസം മാന്നാറിലെ ചില പാടങ്ങളില്‍ നടന്ന പരിശോധനയില്‍ പിഎച്ച് മൂല്യം ആറിനടുത്ത് കണ്ടത് പ്രതീക്ഷയാണ്. പഴയപോലെ ഉയര്‍ന്ന പാടങ്ങളില്‍ കുമ്മായം ചേര്‍ത്ത് വെള്ളം കയറ്റിയിറക്കല്‍ അപ്രായോഗികമാകുകയാണ്. ജലനിരപ്പ് താഴുന്നതാണ് ഇതിന് കാരണമെന്നും സ്മിത പറഞ്ഞു. പുളിരസം കുറയ്ക്കാന്‍ കുമ്മായം ലഭ്യമാക്കുന്നതിനും മറ്റുസഹായം നല്‍കുന്നതിനും നടപടി സ്വീകരിക്കുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലത മേരി ജോര്‍ജ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം കുട്ടനാടന്‍ കൃഷിയെ പ്രതിസന്ധിയിലാക്കി. പുഞ്ചകൃഷിയിറക്കലും ഓരുമുട്ട് ഇടലും വൈകി. അപ്പര്‍കുട്ടനാട്ടില്‍ ഓരുജല ഭീഷണിയുള്ളിടത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. അതേസമയം മണ്ണിലെ ചൂട് ഇനിയും കൂടാനുള്ള സാഹചര്യമാണെന്ന് കുസാറ്റ് കാലാവസ്ഥ പഠന വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എം ജി. മനോജ് പറഞ്ഞു.