• admin

  • October 28 , 2022

ബത്തേരി : ചീരാലിൽ വളർത്തു ജീവികളെ അക്രമിച്ച് കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി.ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘം ദിവസങ്ങളായി കടുവക്കായി തെരച്ചിൽ നടത്തുകയായിരുന്നു. കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്ററിനറി സർജൻ അരുണ് സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.   കടുവയെ പിടികൂടാന്‍ രാപ്പകലില്ലാതെ ജോലിചെയ്ത ആര്‍.ആര്‍.ടി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ വനം വകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും അഭിനന്ദിക്കുന്നതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നല്‍കാനുള്ള ബാക്കി നഷ്ടപരിഹാരതുക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.