• Lisha Mary

  • March 11 , 2020

: മംഗോളിയയിലും ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ വൈറസ് പിടിയിലായ രാജ്യങ്ങളുടെ എണ്ണം 101 ആയി. കോവിഡ്-19 ബാധയെത്തുടര്‍ന്ന് ലെബനനിലും കാനഡയിലും ചൊവ്വാഴ്ച ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ രോഗംമൂലം മരണമുണ്ടായ രാജ്യങ്ങളുടെ എണ്ണം 21 ആയി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ വയോജനകേന്ദ്രത്തില്‍ താമസിച്ചയാളാണ് മരിച്ചത്. ഈജിപ്തില്‍ നിന്ന് തിരിച്ചെത്തിയ അമ്പത്താറുകാരനാണ് ലെബനനില്‍ മരിച്ചത്. ചൈനയില്‍ മരണസംഖ്യ 3119 ആയി. 17 പേര്‍ മാത്രമാണ് കഴിഞ്ഞദിവസം മരിച്ചത്. ഇറ്റലിയിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ഇറാനില്‍ 54 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 291 ആയി. അമേരിക്കയില്‍ മരണസംഖ്യ 26 ആയി. 566 പേര്‍ക്ക് രോഗമുണ്ട്. ഫ്രാന്‍സില്‍ 30 പേരും സ്പെയിനില്‍ 28 പേരും മരിച്ചു. ഫ്രാന്‍സില്‍ സാംസ്‌കാരികമന്ത്രിയും രോഗബാധിതനായി. ദക്ഷിണ കൊറിയയില്‍ 53 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ജപ്പാനില്‍ 15 പേരാണ് മരിച്ചത്. ലോകത്താകെ 1.15 ലക്ഷത്തോളമാളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 93 ശതമാനവും നാല് രാജ്യങ്ങളിലായാണ്.