• admin

  • March 1 , 2020

വാഷിങ്ങ്ടണ്‍ :

കൊറോണ വൈറസ് പടരുന്നതിനിടെ അമേരിക്കയില്‍ ആദ്യ മരണം.  50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷനാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. മരണത്തെ തുടര്‍ന്ന് വാഷിങ്ങ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യത്ത് 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും പ്രതിരോധനടപടികള്‍ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്‌സികോ അതിര്‍ത്തികള്‍ അടക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം,  കൊറോണ വൈറസ് മൂലം ഓസ്‌ട്രേലിയയിലും ഒരാള്‍ മരിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കൊവിഡ് 19 ബാധിച്ച് എഴുപതുകാരനാണ് മരിച്ചത്. 

ചൈനയ്ക്ക് പുറമെ, ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകവും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ദക്ഷിണകൊറിയയില്‍ 17 പേര്‍ മരിച്ചു. ഇറ്റലിയില്‍ 1000ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്.

ഏകദേശം 63 രാജ്യങ്ങളിലാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 86992പേരിലാണ് കൊറോണ സാന്നിധ്യം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  മരണസംഖ്യ 2978 ആയി.