• admin

  • October 11 , 2022

കൽപ്പറ്റ : കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിൽ രാത്രി ഒൻപത് മണിയ്ക്ക് ശേഷം മലയോര മേഘലകളിലേയ്ക്കുള്ള ബസ് സർവീസുകൾ പരിമിതമാക്കിയതു മൂലം യാത്രക്കാർ ഏറെ ദുരിതത്തിലെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ യൂത്ത് വിംഗ് കമ്മറ്റി ആരോപിച്ചു. ഈ വിഷയത്തിൽ നിരവധി പരാധികൾ ഉയർന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിവാര ഓൺലൈൻ യോഗത്തിൽ അഭിപ്രായമുയർന്നു. അടിസ്ഥാന വികസനത്തിൻ്റെ കാര്യത്തിൽ ഇന്നും ഏറെ പിന്നോക്കം നിൽക്കുന്ന വയനാട് ജില്ലക്കാർ എന്തിനും ഏതിനും ആശ്രയിക്കുന്നത് സമീപ ജില്ലയായ കോഴിക്കോടിനെയാണ്. റെയിൽവേ, വിമാന സർവീസ്, മെഡിക്കൽ കോളേജ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് നിത്യവും ചുരമിറങ്ങുന്നത്. ഇവരിൽ ഭൂരിഭാഗം പേരും യാത്രയ്ക്കായി പൊതുഗതാഗത സംവിധാനത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. പകൽ സമയത്ത് മാനന്തവാടി, ബത്തേരി, കൽപ്പറ്റ, തുടങ്ങിയ ഭാഗങ്ങളിൽ നിന്നെല്ലാം കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്, കൂടാതെ ഏതാനം ചില പ്രൈവറ്റ് ബസുകളും ഓടുന്നുണ്ട്. എന്നാൽ രാത്രി കാലങ്ങളിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തുന്ന യാത്രക്കാർ മണിക്കൂറുകൾ കാത്ത് നിന്നാലും ബസ് കിട്ടില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്ത്രീകളും, കുട്ടികളും, പ്രായമായവരും ഉൾപ്പെടെ നിരവധി ആളുകൾ ബസ്റ്റാൻ്റിൽ കുത്തിയിരിക്കുന്നതും പഴയ പത്രക്കടലാസ് നിലത്ത് വിരിച്ച് കിടന്നുറങ്ങുന്നതുമായ കാഴ്ച നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിനിടയിൽ ഏതെങ്കിലും ബസ് പുറപ്പെടാൻ തയ്യാറായാൽ ബസിൽ കയറിപ്പറ്റുന്നതിനും സീറ്റ് പിടിക്കുന്നതിനും വേണ്ടി യാത്രികരുടെ തിക്കും തിരക്കും നെട്ടോട്ടവും കാണാം. സീറ്റിനെ ചൊല്ലി യാത്രക്കാർ തമ്മിൽ തർക്കങ്ങളും വാക്കേറ്റവും പതിവായിരിക്കുന്നു. സന്ദർഭാനുയോചിതമായി തക്ക സമയത്ത് വേണ്ട നടപടി സ്വീകരിച്ച് യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് യാത്രികർ ആവശ്യപ്പെട്ടാലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല തീരുമാനമുണ്ടാകാറില്ലെന്ന് യോഗം വിലയിരുത്തി. എന്നാൽ ഈ വാദങ്ങളെയെല്ലാം ദീർഘദൂര സർവീസുകൾ ഉണ്ട് എന്ന ന്യായം നിരത്തി അധികൃതർ കൈ കഴുകാൻ ശ്രമിക്കുകയാണ്. ദീർഘദൂര സർവ്വീസുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നതിനാൽ അവയിലും സീറ്റ് ലഭ്യമല്ല. ഇത്തരം ബസുകളിൽ യാത്രികരെ നിർത്തി കൊണ്ടു പോകുന്നതിനും പരിമിതികളുണ്ട്. മൂന്നര മണിക്കൂറിന് മുകളിൽ ദൈർഖ്യമുള്ള യാത്രയിൽ ചുരം പതയും പിന്നിട്ട് തിക്കിതിരക്കി ഞെരിഞ്ഞമർന്ന് യാത്ര ചെയ്യുന്നത് ഏറെ ദുരിതപൂർണ്ണമാണെന്നും ഇതിന് ഉത്തരവാദികൾ സർക്കാരും ഉദ്യോഗസ്ഥരും ആണെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. വയനാടൻ ജനതയോടുള്ള അവഗണനയുടെ മറ്റൊരു നേർക്കാഴ്ചയാണ് കോഴിക്കോട് ബസ്റ്റാൻ്റിൽ കാണാൻ കഴിയുന്നതെന്ന് എ.എ.പി വയനാട് ജില്ലാ യൂത്ത് വിംഗ് കൺവീനർ സിജു പുൽപ്പള്ളി പറഞ്ഞു. രാത്രികാലങ്ങളിൽ കോഴിക്കോട് നിന്ന് മതിയായ ബസ് സർവ്വീസ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി എംഡിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം അയക്കാൻ തീരുമാനിച്ചു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച യോഗത്തിൽ യൂത്ത് വിംഗ് ജില്ലാ കൺവീനർ സിജു പുൽപ്പള്ളി, സെക്രട്ടറി റിയാസ് അട്ടശ്ശേരി, അമീൻ തലപ്പുഴ, ഷിനോജ് മുതിരക്കാല, നജീദ് അമ്പലവയൽ, നൗഷാദ് അമ്പലവയൽ, സൽമാൻ റിപ്പൺ, ജോസ് നെൻമേനി തുടങ്ങിയവർ പങ്കെടുത്തു.