• admin

  • January 18 , 2022

കോട്ടയം : കോട്ടയത്തെ കൊലപാതകം പൊലീസിന്റെ നിഷ്ക്രിയത്വം മൂലം. ധാർമ്മികമായ ഉത്തരവാദിത്വം സർക്കാരിനും ജില്ലാ പൊലീസ് മേധാവിയ്ക്കുമാണെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം , ജില്ലാ പൊലീസ് മേധാവിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണം. കഞ്ചാവ് മാഫിയയുടെയും ഗുണ്ടകളുടെയും അഴിഞ്ഞാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. സി.പിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് , കാപ്പാ കേസിൽ ഉൾപ്പെടെ പ്രതികളായിട്ടുള്ള ഗുണ്ടകൾ കോട്ടയത്ത് സമാധാന ജീവിതത്തെ വെല്ലുവിളിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ മൂക്കിന് താഴെയാണ് ഭയാനകമായ കൊലപാതകം നടന്നത്. കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ അമ്മ രാത്രി തന്നെ സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. ബോധപൂർവം കൊല്ലാൻ ശ്രമിച്ചതായി കരുതുന്നില്ലെന്ന് പൊലീസ് മേധാവി പറഞ്ഞത് വഴി പ്രതിയെ രക്ഷിക്കാൻ ഗൂഡാലോചന നടന്നതായി സംശയിക്കേണ്ടി ഇരിക്കുന്നു. പ്രതിയ്ക്ക് സി.പി.എമ്മുമായി അടുത്ത ബന്ധമുണ്ട്. മൃതദേഹവും ചുമന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടു വയ്ക്കാൻ പ്രതിയ്ക്ക് ധൈര്യമേകിയത് ഈ ബന്ധമാണ്. സി.പി.എം ജില്ലാ സമ്മേളനത്തിന് ഫണ്ട് കണ്ടെത്താൻ കഞ്ചാവ് മാഫിയയെയും , സംരക്ഷണം ഒരുക്കാൻ ഗുണ്ടാ സംഘത്തെയും ഉപയോഗപ്പെടുത്തി. കോട്ടയത്തെ അന്തരീക്ഷം ഭയാനകമായിരിക്കുന്നു. ഗുണ്ടകളെ അമർച്ച ചെയ്യാതെ അഴിച്ചു വിടാനാണ് നീക്കമെങ്കിൽ കൊവിഡ് വിലക്ക് ലംഘിച്ച് തെരുവിലിറങ്ങാൻ കോൺഗ്രസും കോൺഗ്രസിന്റെ പോഷക സംഘടനകളും മടിക്കില്ലന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് പറഞ്ഞു.