• admin

  • January 29 , 2020

കൊല്ലം : ജില്ലയുടെ വ്യാവസായിക മുഖം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊല്ലത്ത് മിനി വ്യവസായ പാര്‍ക്ക് നിര്‍മിക്കും. മുണ്ടയ്ക്കലില്‍ ആറ് ഏക്കറില്‍ കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് പാര്‍ക്ക് തുറക്കുക. കേരള സിറാമിക്സ് കിന്‍ഫ്രയ്ക്കു കൈമാറിയ സ്ഥലമാണിത്. 25 സംരഭകരുടെ അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഭൂമി അനുവദിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരുവര്‍ഷത്തിനകം പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമത്തിലാണ് കിന്‍ഫ്ര. ഭക്ഷ്യ, ആയുര്‍വേദ, തടി വ്യവസായം തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള സംരംഭകരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്. 30 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ പ്ലോട്ട് തിരിച്ചാണ് ഭൂമി നല്‍കുക. 24 മാസത്തിനുള്ളില്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകണമെന്നാണ് വ്യവസ്ഥ. 30 വര്‍ഷം കഴിയുമ്പോള്‍ 5000 രൂപ അടച്ച് കരാര്‍ പുതുക്കാം. ഒരു സംരംഭത്തിനു പരമാവധി 90 വര്‍ഷമാണ് കാലാവധി. വ്യവസായങ്ങള്‍ക്ക് ജലം, വൈദ്യുതി എന്നിവ ജല അതോറിറ്റിയും കെഎസ്ഇബിയും ലഭ്യമാക്കും. സംരംഭകര്‍ക്ക് ഏകജാലക സംവിധാനം വഴി അനുമതി ലഭ്യമാക്കും. ഭൂമി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ ഇളവും ലഭിക്കും. വ്യവസായ പാര്‍ക്കില്‍ ഭൂമി ലഭ്യമാകുന്ന സംരംഭകര്‍ മൊത്തംവിലയുടെ 10 ശതമാനം 30 ദിവസത്തിനുള്ളില്‍ അടയ്ക്കണം. ബാക്കി 50 ശതമാനം ലീസ് പ്രീമിയം അഞ്ചുവര്‍ഷത്തിനുശേഷം അടച്ചാല്‍ മതി. പത്തനാപുരത്തും കരീപ്രയിലും ജില്ലാ പഞ്ചായത്തിന്റെ വ്യവസായപാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കുണ്ടറയിലുള്ള കൊല്ലം ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനവും ഊര്‍ജിതമാണ്. മുണ്ടയ്ക്കല്‍ വ്യവസായ പാര്‍ക്ക് തുറക്കുന്നതോടെ കൊല്ലം ആധുനിക വ്യവസായങ്ങളുടെ ഹബ്ബായി മാറുമെന്നാണ് പ്രതീക്ഷ.