തൃശൂര്‍ : പൊള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന് പേര് വെന്തുമരിച്ചു. കാട്ടുതീ തടയാന്‍ ശ്രമിക്കവെയാണ് മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി ദിവാകരന്, താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്, താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന് എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന് ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി.ആര്. രഞ്ജിത്ത് കാട്ടുതീയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു. കേരളത്തില്‍ ആദ്യമായാണ് കാട്ടുതീ മരണം. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര് തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാന്‍ ഒപ്പംചേര്‍ന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. ഇതോടെ, നാട്ടുകാര്‍ വനംവകുപ്പുകാര്‍ക്ക് കുടിവെള്ളം നല്കി തിരിച്ചുപോന്നു. ഇതിനുശേഷം ശക്തമായ കാറ്റില്‍ തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നുപിടിച്ചു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര് ഓടിരക്ഷപ്പെട്ടു. എന്നാല്‍, ദിവാകരന്, വേലായുധന്, ശങ്കരന്, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയില്‍പ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി