• Lisha Mary

  • March 15 , 2020

കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വീടുകള്‍ തോറുമുള്ള ബോധവത്കരണം ഉള്‍പ്പെടെയുള്ള സമഗ്ര തീവ്രയജ്ഞം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വിദേശത്തുനിന്നെത്തുന്നവര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ കഴിയുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുന്ന ലഘുലേഖകള്‍ അടിന്തരമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ബ്ലോക്ക് തലത്തില്‍ എംഎല്‍എമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും. നാളെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രാദേശിക പ്രതിരോധ ബോധവത്കരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കും. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനമായി.