• Lisha Mary

  • March 12 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് (കോവിഡ് -19) പടരുന്ന സാഹചര്യത്തില്‍ 1897-ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് രണ്ടാംവകുപ്പ്. ഇതിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം യഥാസമയം നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ഏപ്രില്‍ 15 വരെ വിസനിയന്ത്രണം നിലവില്‍ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. നയതന്ത്രപ്രതിനിധികള്‍, ഐക്യരാഷ്ട്രസഭാ/അന്താരാഷ്ട്ര സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്കുള്ള വിസകള്‍ക്കു നിയന്ത്രണമില്ല. ഔദ്യോഗിക വിസകള്‍, തൊഴില്‍, പ്രോജക്ട് വിസകള്‍ എന്നിവയും നിയന്ത്രണത്തിന്റെ പരിധിയിലില്ല. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് അനുവദിച്ചിരിക്കുന്ന സൗജന്യയാത്രയും ഏപ്രില്‍ 15വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണം.