• admin

  • December 12 , 2022

കൊച്ചി : വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ സാങ്കേതികവിദ്യാ പഠനസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺപ്രോഫിറ്റ് സ്റ്റാർട്ടപ്പായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു. ഫിൻടെക് ഭീമനായ സെറോധയാണ് (Zerodha) ഫണ്ടിങിന് പിന്നിൽ. ഇന്ത്യയിൽ സ്വതന്ത്ര ഓപ്പൻ സോഴ്സ് കോഡിങ് സംസ്കാരം വളർത്തുന്നതിനായി സെറോധയും ഇആർപിനെക്സ്റ്റും (ERPNext) സ്ഥാപിച്ച സന്നദ്ധ സംഘടനയായ ഫോസ് യുണൈറ്റഡ് (FOSS United) വഴിയാണ് ഫണ്ട് ലഭ്യമാക്കിയത്. സ്റ്റാർട്ടപ്പിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ഓപ്പൻ ലേണിങ്ങിന് ആവശ്യമായ ഇടം ഒരുക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമായാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് ഒരു കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഒത്തുച്ചേർന്ന് പഠിക്കാനും (ടിങ്കറിംങ്) പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും യുവാക്കളെ പ്രാപ്തരാക്കുക എന്ന ആശയത്തിന്റെ പ്രതിരൂപമാണ് ടിങ്കർഹബ്ബെന്ന് സെറോധ സിടിഒ കൈലാഷ് നാഥ് അഭിപ്രായപ്പെട്ടു. ഇത്തരമൊരു സമീപനം സമൂഹത്തിൽ തീർച്ചയായും വളരണമെന്ന ബോധ്യത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ടിങ്കർഹബ്ബെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിനും പങ്കാളിത്തത്തിനും സാമൂഹിക ഇടങ്ങൾ അനിവാര്യമാണ്. ഇത്തരം പങ്കാളിത്തങ്ങളിൽ നിന്നാണ് നൂതനാശയങ്ങളും സംരംഭങ്ങളും ഉടലെടുക്കുന്നത്. ഓൺലൈനിൽ ഇത്തരം സ്പേസുകൾ ധാരാളമുണ്ട്. എന്നാൽ ഓഫ് ലൈനിൽ ഇല്ലെന്ന് തന്നെ പറയാം. ടിങ്കർഹബ് വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റി ഇടങ്ങൾ ഈ വിടവ് നികത്താനുള്ള ശ്രമമാണെന്നും കൈലാഷ് നാഥ് വ്യക്തമാക്കി. സ്ക്കില്ലിംഗ് ആഗ്രഹിക്കുന്ന ആർക്കും വിദഗ്ധരുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദ്യാ നൈപുണികൾ സൗജന്യമായി നേടാൻ അവസരം നൽകുന്ന ടിങ്കർഹബ്ബിന്റെ പുതിയ ഉദ്യമമാണ് ടിങ്കർസ്പേസ്. ജോലി സാധ്യത വർധിപ്പിക്കുന്നതിനോടൊപ്പം സംരംഭകത്വം വളർത്താനും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ടിങ്കർസ്പേസ് കളമശ്ശേരിയിൽ ഈ മാസം പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ ടെക്നോളജി കമ്പനിയായ സെറോധയിൽ നിന്നുള്ള ഫണ്ടിംങ്, ടിങ്കർഹബ്ബിന്റെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് സിഇഒയും കോഫൗണ്ടറുമായ മൂസ മെഹർ എം.പി പറഞ്ഞു. ടിങ്കർഹബ് സൃഷ്ടിക്കുന്ന മാതൃകയ്ക്ക് ഈ ഫണ്ടിംങ് വിശ്വാസ്യത നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഇത്തരം ഫണ്ടിംങിനെ ആശ്രയിച്ചാണ് ടിങ്കർഹബ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ചെറു പഠനസംഘമായി 2014-ൽ ആരംഭിച്ച ടിങ്കർഹബ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു വലിയ സംഘടനയായി ഇതിനകം വികാസം പ്രാപിച്ചിട്ടുണ്ടെന്നും മൂസ മെഹർ വ്യക്തമാക്കി. ക്യാമ്പസുകളിൽ വിദ്യാർഥികൾക്ക് പഠിക്കാനായി ചെറു പരസ്പര പഠന സഹായസംഘങ്ങൾ സൃഷ്ടിക്കുകയാണ് ടിങ്കർഹബ് ചെയ്യുന്നത്. കേരളത്തിൽ 75 കോളേജ് ക്യാമ്പസുകളിലായി 14,000-ലേറെ രജിസ്റ്റേഡ് അംഗങ്ങൾ ടിങ്കർഹബ്ബിനുണ്ട്. ചെറു സുഹൃദ്സംഘങ്ങളായി സ്വയം പഠിച്ച് ഓരോ വ്യവസായ മേഖലയ്ക്കും ആവശ്യമായ വൈദഗ്ധ്യം കൈവരിക്കാൻ ടിങ്കർഹബ് സൗകര്യം ഒരുക്കുന്നു. കഴിഞ്ഞ വർഷം മാത്രം ടിങ്കർഹബ് 44,000-ത്തോളം പഠിതാക്കളെ ഉൾപ്പെടുത്തുകയും 3,900 പ്രോജക്റ്റുകൾ സോഫ്റ്റവെയർ വികസനത്തിനുള്ള ഇന്റർനെറ്റ് ഹോസ്റ്റിങ് സേവനമായ ഗിറ്റ്ഹബ്ബിൽ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.