• admin

  • May 8 , 2022

കൽപ്പറ്റ : കോവിഡിന് ശേഷം കേരള ടൂറിസത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ വയനാട് ടൂറിസത്തിന് സജീവ പങ്കാളിത്തം. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിച്ച കെ.ടി.എം തിങ്കളാഴ്ച സമാപിക്കും.   കേരളത്തിലെ ടൂറിസം മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് കേരള ട്രാവൽ മാർട്ട് സംഘടിപ്പിച്ച് വരുന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് പുതിയ ഉണർവ്വ് നൽകുന്നതിനായി കോവിഡിന് ശേഷം ആദ്യമായി സംഘടിപ്പിച്ച കേരള ട്രാവൽ മാർട്ടിൽ വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ഡി.ടി.പി.സി. ,ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇതു കൂടാതെ റിസോട്ട്, ഹോം സ്റ്റേ മേഖലകളിൽ നിന്നുള്ള 25 സ്വകാര്യ സംരംഭകരും വയനാട്ടിൽ നിന്ന് കെ.ടി.എം. മ്മിൽ പങ്കെടുക്കുന്നുണ്ട് .   അമ്പതിലധികം വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്നതിനാൽ വയനാട്ടിലേക്കടക്കം കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡബ്ല്യു.ടി. ഒ. ഭാരവാഹികൾ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ ഗ്രാമീണ ടൂറിസത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.   വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ഡി.ടി.പി.സി.യുടെ സ്റ്റാളിൽ സന്ദർശകർക്ക് പരിചയപ്പെടുത്തുമ്പോൾ മികച്ച രീതിയിലുള്ള താമസ സൗകര്യങ്ങളാണ് വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ സ്റ്റാളിൽ പരിചയപ്പെടുത്തുന്നു.   ബി. ടു.ബി.മീറ്റിൽ ഇത്തവണ കൂടുതൽ ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കുന്നുണ്ട്. കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ട് 2022 തിങ്കളാഴ്ച സമാപിക്കും.