• Lisha Mary

  • March 15 , 2020

തിരുവനന്തപുരം : യു.കെ സ്വദേശിയടക്കം രണ്ടുപേര്‍ക്ക് കൂടി കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടറാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇതോടെ വൈറസ് ബാധിച്ച ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. പഠനത്തിന്റെ ഭാഗമായി സ്പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് അവസാനമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ഇടപെട്ട ആള്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമായി നടക്കുന്നുണ്ട്. ഇതിന് പോലീസിന്റെ സഹായവും ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി നാളെ മുതല്‍ റോഡുകളില്‍ പരിശോധന നടത്തും. 5150 വിദേശികളാണ് കേരളത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധ ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാത്ത അവസ്ഥ ഉണ്ടാകരുത്. കൂട്ടംകൂടുന്നതും വന്‍ തോതില്‍ പകരുന്നതുമായ സാഹചര്യം ഒഴിവാക്കണമെന്നേ നിര്‍ദേശിച്ചിട്ടുള്ളൂ. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ബസ്, വാഹന സൗകര്യങ്ങള്‍ക്കൊന്നും ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്തുതരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്. അതിഥി തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളില്‍ പരിശോധന നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൈകളുടെ ശുചീകരണം ഉറപ്പുവരുത്താന്‍ 'ബ്രേക് ദ ചെയിന്‍' കാമ്പയിന്‍ കൈകളിലൂടെ കൊറോണ പകരുന്നത് തടയുന്നതിനായി കൈകളുടെ ശുചിത്വം ഉറപ്പുവരുത്താന്‍ 'ബ്രേക് ദ ചെയിന്‍' കാമ്പയിന്‍ നടത്താന്‍ ആഹ്വാനം. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ ശുചീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.