• admin

  • January 19 , 2020

കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും, സംസ്ഥാന സര്‍ക്കാരിനെയും അദ്ദേഹം അവഹേളിക്കുകയാണെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും 'ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തെ കേരളം മുന്നില്‍നിന്ന് നയിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമ പോരാട്ടത്തിനായി ഇപ്പോള്‍ സുപ്രീംകോടതിയെയും കേരളം സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണഘടനാനുസൃതമായ നടപടികളാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.