• admin

  • January 15 , 2020

: കുറ്റ്യാടി: പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ നടത്തിയ പൊതുയോഗത്തിനെതിരെ കടയടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 153 വകുപ്പു പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ കേസെടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും സംഘടിതമായി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍. നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്കായിരുന്നു ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റി രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. അഞ്ചു മണിക്ക് കുറ്റ്യാടിയില്‍ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാല്‍ കുറ്റ്യാടിയിലെ ജനങ്ങള്‍ ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചതോടെ പരിപാടിയ്ക്ക് കാര്യമായി ആളുകളുണ്ടായിരുന്നില്ല.