• admin

  • February 13 , 2020

തിരുവനന്തപുരം : 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികളുടെ വളര്‍ച്ചയും വികാസവും വളരെ നിര്‍ണായകമാണ്. ഇത്തരം കുട്ടികളുള്ള പല വീടുകളിലേയും അമ്മമാര്‍ ജോലിക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരവസ്ഥയില്‍ ചെറിയ കുട്ടികളെ പല വീട്ടുകാര്‍ക്കും നന്നായി നോക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് അങ്കണവാടി കം ക്രഷ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത് വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം, അനുപൂരക പോഷകാഹാരം, ഹെല്‍ത്ത് ചെക്കപ്പ്, ഇമ്മ്യൂണൈസേഷന്‍, പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ എന്നിവ അങ്കണവാടി കം ക്രഷില്‍ ഉറപ്പാക്കും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാകും ക്രഷിന്റെ പ്രവര്‍ത്തനം. ഇതുമൂലം ജീവനക്കാര്‍ക്ക് അമിതഭാരം ഉണ്ടാകാതിരിക്കാന്‍ അങ്കണവാടി വര്‍ക്കറും ഹെല്‍പ്പറും, ക്രഷ് വര്‍ക്കറും ഹെല്‍പ്പറും ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത പോഷകമൂല്യങ്ങളുള്ള ഭക്ഷണം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരങ്ങളിലെ ലഘുഭക്ഷണം എന്നിവ കുഞ്ഞുങ്ങള്‍ക്ക് നല്‍കും. പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍ക്കാണ് വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിന് 20.59 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.