• admin

  • June 27 , 2020

ന്യൂഡൽഹി :

27 വിഷ കീടനാശിനികൾ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകണമെന്നും രാസ കീടനാശിനിവ്യവസായ ലാഭത്തെക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും മുൻഗണന നൽകണമെന്നും ഇന്ത്യൻ സർക്കാരിനോട് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് (പാൻ) ഏഷ്യാ പസഫിക്  ഉം, പാൻ ഇന്ത്യയും  അഭ്യർത്ഥിക്കുന്നു.
ഇന്ത്യൻ കാർഷിക, കർഷകക്ഷേമ മന്ത്രാലയം കീടനാശിനി ഉത്പാദക കമ്പനികളുടെ എതിർപ്പിനെ തുടർന്ന് 27 കീടനാശിനികൾ നിരോധിക്കുന്നതിനുള്ള മെയ് 18 ലെ കരട് ഉത്തരവിൽ ഭേദഗതി വരുത്തിയതിന് ശേഷമാണ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഈ സംയുക്ത പ്രസ്താവന ഇറക്കുന്നത്.  ജൂൺ 10 നു ഇറങ്ങിയ പുതുക്കിയ ഉത്തരവ് പ്രകാരം, കയറ്റുമതി ആവശ്യങ്ങൾക്കായി ഈ കീടനാശിനികൾ നിർമ്മിക്കാൻ സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. “ഈ രാസവസ്തുക്കൾ പരിസ്ഥിതിക്ക് സുരക്ഷിതമാണെന്ന് തെളിയിക്കുന്ന രേഖകൾ കമ്പനികൾ നൽകിയാൽ” നിരോധന തീരുമാനം  സർക്കാർ പുനരവലോകനം ചെയ്യുമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഒരു വാർത്താ റിപ്പോർട്ടിൽ പറയുന്നു.  ഒപ്പം തന്നെ, 27 കീടനാശിനികൾ നിരോധിക്കാനുള്ള കരട് ഉത്തരവിന്മേൽ, നിർദ്ദേശങ്ങളോ ആക്ഷേപങ്ങളോ അറിയിക്കാനുള്ള കാലാവധി 45 ദിവസത്തിൽ നിന്നും 90 ആയി ഉയർത്തിയിട്ടുമുണ്ട്.
ഈ 27 കീടനാശിനികളെ നിരോധിക്കാൻ നിർണായക നടപടി സ്വീകരിച്ച ഇന്ത്യൻ സർക്കാരിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, അവയിൽ പലതും ഇതിനകം മറ്റ് രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും, സമീപകാല സംഭവവികാസങ്ങൾ കാണിക്കുന്നത്, കരട് നിരോധന  ഉത്തരവ് ലഘൂകരിക്കപ്പെടാൻ പോകുന്ന  പ്രക്രിയയിലാണെന്നാണ്, അല്ലെങ്കിൽ മോശമായരീതിയിൽ , രാസകീടനാശിനി വ്യവസായത്തിന്റെ ലാഭലക്ഷ്യങ്ങളെ മാത്രം കരുതി,  മറ്റൊരു കാരണവുമില്ലാതെ നിരോധന തീരുമാനത്തിൽനിന്നും പിന്നോട്ടു പോകുന്നു എന്നാണ്. ഇത് സംഭവിക്കാൻ അനുവദിക്കുകയാണെങ്കിൽ, അത് ഇന്ത്യൻ സർക്കാരിന്റെ സ്വന്തം വിദഗ്ദ്ധ സമിതിയുടെ നിരവധി വർഷത്തെ സ്വതന്ത്ര പഠനം പാഴാക്കുകയും സുരക്ഷിതമായ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യും - ഇത് നിലവിലെ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുൻഗണന നൽകേണ്ട വിഷയങ്ങളിൽ ഒന്നാണ്, ” പാൻ ഏഷ്യാ പസഫിക്  എക്സിക്യൂട്ടീവ് ഡയറക്ടർ സരോജെനി രെങ്കം പറഞ്ഞു.
“ഈ കീടനാശിനികളുടെ നിർമ്മാണവും കയറ്റുമതിയും അനുവദിക്കുന്നത് കീടനാശിനികളുടെ വ്യാപാരത്തിലുള്ള “ഇരട്ടത്താപ്പ്” നെയാണ് തുറന്നു കാണിക്കുന്നത്, അതായത് സ്വന്തം രാജ്യങ്ങളിൽ ഇതിനകം നിരോധിച്ചിട്ടുള്ള കീടനാശിനികൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യം. “വികസിത രാജ്യങ്ങളിൽ ഇതിനകം നിരോധിച്ച കീടനാശിനികൾ നിർമ്മിക്കാനും കയറ്റുമതി ചെയ്യാനും അനുവദിച്ചിട്ടുണ്ട്, ഇത് ഈ വിഷങ്ങളുടെ അനുസ്യൂതമായ ക്രയവിക്രയം  നടത്തുന്നതിലെ  അന്യായമായ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നു. ആഗോള സമൂഹത്തിന്റെ ഭാഗമായി ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിൽ ആഗോള പാരിസ്ഥിതിക ആരോഗ്യവും ക്ഷേമവും കണക്കിലെടുത്ത്,  വളരെ മോശമായ ഈ ഇരട്ടത്താപ്പ് ഇന്ത്യ ആവർത്തിക്കരുത് ” സരോജെനി രെങ്കം പറഞ്ഞു. ഇന്ത്യൻ കീടനാശിനി കയറ്റുമതി ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നുവെന്നും അവിടെ കീടനാശിനി വിഷബാധ കേസുകൾ  വർധിച്ച തോതിൽ കാണപ്പെടുന്നത്  പാൻ ഏഷ്യാ പസഫിക് സംഘം  നിരീക്ഷിച്ചു വരികയുമാണെന്നു അവർ പറഞ്ഞു.
27 കീടനാശിനികളിൽ 20 എണ്ണം പാൻ ഇന്റർനാഷണലിന്റെ ഏറ്റവും അപകടകരമായ കീടനാശിനികളുടെ (highly hazardous pesticides) പട്ടികയിൽ  ഉൾപ്പെടുന്നതാണ്, അല്ലെങ്കിൽ ഏറ്റവും രൂക്ഷമായ വിഷാംശമുള്ളവയോ, ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ, പരിസ്ഥിതി ആവാസ വ്യവസ്ഥകളിൽ മാരകമായ പ്രത്യാഘാതങ്ങൾ  എന്നിവയ്ക്ക് കരണമാകുന്നതോ ആണ്. കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ കരട്  നിരോധന ഉത്തരവിൽ തന്നെ ഈ കീടനാശിനികൾ അർബുദത്തിനു കാരണമാകുന്നു, നാഡീ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു, ഹോർമോൺ സംവിധാനത്തെ തകർക്കുന്നു, പ്രതുല്പാദന-വളർച്ച പ്രക്രിയയെ തകരാറിലാക്കുന്നു എന്നെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ തേനീച്ച, ജലജീവികൾ, പക്ഷികൾ എന്നിവയ്ക്കും മാരകമായ പ്രശ്നനങ്ങൾക്കു ഇവ കാരണമാകുന്നുമുണ്ട്.
ഈ കീടനാശിനികളിൽ ചിലത് ഇതിനകം വിവിധ സംസ്ഥാനതല നിരോധനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാൻ ഇന്ത്യ ചൂണ്ടിക്കാട്ടി. മോണോക്രോടോഫോസ്, അസെഫേറ്റ് എന്നീ  രണ്ട് കീടനാശിനികൾ  പരുത്തി കർഷകർക്കിടയിൽ ഉയർന്ന തോതിൽ വിഷബാധയുണ്ടായത് കാരണം മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടുള്ളവയാണ്. ദൂഷ്യഫലങ്ങൾ ഉള്ളതിനാൽ 2,4-ഡി, ബെൻഫുറകാർബ്, ഡൈകോഫോൾ, മെത്തോമൈൽ, മോണോക്രോടോഫോസ് എന്നീ അഞ്ചെണ്ണതിന് പഞ്ചാബ് സർക്കാർ പുതുതായി ലൈസൻസുകൾ നൽകുന്നില്ല എന്ന് തീരുമാനിച്ചിരുന്നു. കേരളത്തിൽ, പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ കാരണം ഈ കീടനാശിനികളിൽ ചിലത് (മോണോക്രോടോഫോസ്, കാർബോഫുറാൻ, അട്രാസൈൻ എന്നിവ) 2011 മുതൽ നിരോധിച്ചിരിക്കുന്നു. “അടിസ്ഥാനപരമായി, ഇവയുടെ ദൂഷ്യഫലങ്ങൾ സുവ്യക്തമാണ്, നമ്മുടെ കർഷകർ ഇനി ഈ കീടനാശിനികൾ ഉപയോഗിക്കരുത് ”പാൻ ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.
കൂടാതെ, അട്രാസൈൻ, കാർബോഫുറാൻ, ക്ലോറിപൈറിഫോസ്, മാലത്തിയോൺ, മാങ്കോസെബ്, മോണോക്രോടോഫോസ് എന്നീ  ആറു  കീടനാശിനികൾ പാൻ ഏഷ്യാ പസിഫിക് ന്റെ മാനദണ്ഡങ്ങൾ പ്രകാരം  കുട്ടികളെ ഏറ്റവും മാരകമായി ബാധിക്കുന്ന കീടാനാശിനികളുടെ പട്ടികയിൽ ഉപ്പൽപ്പെടുന്നവയാണ്, അവ ജനന വൈകല്യങ്ങൾ, മസ്തിഷ്ക ക്ഷതം, കുറഞ്ഞ ഐക്യു എന്നിവയ്ക്ക് കാരണമാകുന്നു. 2013 ലെ ബീഹാർ ദുരന്തത്തിൽ 23 സ്കൂൾ കുട്ടികൾ കീടനാശിനി കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സംഭവത്തിൽ, മോണോക്രോടോഫോസാണ് കാരണമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
“പാൻ ഇന്ത്യയുടെ വിശകലനം കാണിക്കുന്നത് നിലവിൽ 282 കീടനാശിനികൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ്. ഇപ്പോൾ നിരോധിക്കാൻ വേണ്ടി തീരുമാനിച്ചിട്ടുള്ള  27 കീടനാശിനികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കീടനാശിനികളുടെ പത്തു ശതമാനത്തിൽ താഴെമാത്രമാണ് വരുന്നത്. അതിനാൽ അവ നിരോധിക്കുന്നത് ഭക്ഷ്യസുരക്ഷയെയും കാർഷിക ഉൽപാദനത്തെയും ബാധിക്കില്ല. സർക്കാരിന്റെ വിലയിരുത്തൽ പോലും അവയ്‌ക്കെല്ലാം ബദലുകൾ ലഭ്യമാണ്  എന്നാണ്. ഇന്ത്യയിൽ ഓരോ വിളകളിലെയും പ്രത്യേക കീടരോഗ ബാധയ്ക്കു നിരവധി കീടനാശിനികൾ ഉപയോഗിക്കുന്നു, അതിനാൽ അവയിൽ ചിലത് നിരോധിക്കുന്നത് വിളആരോഗ്യ പരിപാലനത്തെ ബാധിക്കുകയില്ല, മറിച്ച് കാർഷിക സമൂഹങ്ങളുടെയും ഉപഭോക്താക്കളുടെയും മേൽ ഭവിക്കുന്ന വിഷഭാരം കുറയ്ക്കുന്നതിന് തീർച്ചയായും സഹായിക്കുകയും ചെയ്യും”കുമാർ കൂട്ടിച്ചേർത്തു.
നിരോധനത്തിനായി നിർദ്ദേശിച്ചിട്ടുള്ള പല കീടനാശിനികളും ഇന്ത്യയിലെ തൊഴിലിടങ്ങളിലെ വിഷബാധയ്ക്കും ആത്മഹത്യകളികും ഉൾപ്പെട്ടിട്ടുണ്ടെന്ന് പാൻ ഇന്ത്യ ഡയറക്ടർ ജയകുമാർ ചേലാട്ടൻ പറഞ്ഞു. ഈ കീടനാശിനികൾ നിരോധിക്കുന്നത് രാജ്യത്തുണ്ടാകുന്ന കീടനാശിനി വിഷബാധകൾ ഗണ്യമായി കുറയ്ക്കുന്നതിനും സുരക്ഷിതമായ, വിഷരഹിതമായ കാർഷിക അന്തരീക്ഷം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ദോഷഫലങ്ങൾക്കു കാരണമാകുന്ന രാസവിഷ കീടനാശിനികൾ രാജ്യത്തു  ഇല്ലാതാക്കുന്നതിനും ഇവയ്ക്ക് പകരം സുരക്ഷിതമായ കാർഷിക രീതികൾ വ്യാപിപ്പിക്കുന്നതിനും  സർക്കാരിന് പിന്തുണനല്കാൻ പാൻ ഇന്ത്യ സന്നദ്ധമാണ്.
ഈ 27 കീടനാശിനികളെ വിലയിരുത്തുന്നതിന് ഉപയോഗിച്ചിട്ടുള്ള അതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് രാജ്യത്ത് ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കീടനാശിനികളും പരിശോധിച്ച് അവലോകനം ചെയ്യാനും, പൗരന്മാരുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് കർശന നടപടികളുമായി മുന്നോട്ടു വരാനും കാർഷിക മന്ത്രാലയത്തോട് പാൻ ഇന്ത്യ അഭ്യർത്ഥിക്കുന്നു. കീടനാശിനികളുടെ രജിസ്ട്രേഷൻ, തൊഴിലാളികളുടെയും അന്തിമ ഉപയോക്താക്കളുടെയും സുരക്ഷ, കീടനാശിനി കച്ചവട വ്യാപന രീതികൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കുറവുകൾ നിലവിലെ പതിപ്പിൽ ഉള്ളതിനാൽ നിർദ്ദിഷ്ട കീടനാശിനി മാനേജ്മെന്റ് ബിൽ 2020 ഭേദഗതി ചെയ്യണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.
“27 കീടനാശിനികളുടെ നിരോധനത്തെ സംബന്ധിച്ച് ഇന്ത്യൻ സർക്കാർ പൊതുതാൽപര്യത്തെ ഉയർത്തിപ്പിടിക്കുമോ അതോ കീടനാശിനി കമ്പനികളുടെ സമ്മർദത്തിന് വഴങ്ങുമോ എന്ന് അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെ നിരീക്ഷിക്കുന്നു. രാസ കീടനാശിനി വ്യവസായികളുടെ  സ്വയം സേവിക്കുന്ന, ലാഭേച്ചയിലധിഷ്ഠിതമായ  കച്ചവട താല്പപര്യത്തേയും  അവരുടെ   പ്രസ്താവനകളെയും അർഹിക്കുന്ന രീതിയിൽ നിരാകരിച്ചുകൊണ്ട് കൊണ്ട്,   ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിൽ   ഇന്ത്യൻ സർക്കാർ അതിന്റെ വിദഗ്ദ്ധസമിതിയുടെ കണ്ടെത്തലുകൾക്കൊപ്പം നിലകൊള്ളുമെന്നും സ്വതന്ത്രവും ശാസ്ത്രീയവുമായ ലോകോത്തരവുമായ തെളിവുകൾക്കും കർഷകരുടെ അനുഭവങ്ങൾക്കും ഒപ്പം നിൽക്കുമെന്നും  ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട് ”പാൻ ഇന്ത്യ കൺസൾട്ടന്റ് ഡോ. നരസിംഹ റെഡ്ഡി പറഞ്ഞു.
———————
90-ലധികം രാജ്യങ്ങളിലെ 600 ഓളം സർക്കാരിതര സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഒരു പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് (PAN). ഉപയോഗം പാരിസ്ഥിതികമായും സാമൂഹികമായും നീതിപൂർവകമായ ബദലുകൾ ഉപയോഗിച്ച് അപകടകരമായ കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കാൻ  പ്രവർത്തിക്കുന്നു.
മലേഷ്യയിലെ പെനാംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൻ പ്രാദേശിക കേന്ദ്രമാണ് പാൻ ഏഷ്യ പസഫിക് (പനാപ്). ഇന്ത്യയിലെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദേശീയ, ലാഭരഹിത സംഘടനയാണ് പാൻ ഇന്ത്യ.