• admin

  • February 10 , 2020

ഇടുക്കി : ജില്ലയില്‍ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. പദ്ധതി നിര്‍വഹണത്തിനായി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി രാജഗോപാലന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച എല്ലാ കര്‍ഷകര്‍ക്കും 24 ന് മുമ്പായി പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി കെ.സി.സി വായ്പ ലഭ്യമാക്കും. പദ്ധതി പൂര്‍ത്തികരണത്തിനായി ഓരോ ബാങ്കിനും ടാര്‍ഗറ്റ് നല്കി. മൃഗസംരക്ഷണം, മത്സ്യബന്ധനം, എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും കെസിസി വായ്പ ലഭ്യമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 4% പലിശയില്‍ ലഭിക്കും. 1.60 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‌കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകള്‍, സഹകരണബാങ്ക്, ഗ്രാമീണ ബാങ്കുകള്‍ മുഖേന ഈ വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.