• admin

  • January 19 , 2022

തിരുവനന്തപുരം : മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരം പരിശോധിച്ച് അംഗീകാരം നല്‍കുന്ന കിംസ്ഹെല്‍ത്ത് മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് കാലിബ്രേഷന്‍ ലാബിന് (കെഎംഡിടിസിഎല്‍) നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു. ഈ അംഗീകാരം നേടുന്ന രാജ്യത്തെ രണ്ടാമത്തെയും സംസ്ഥാനത്തെ ആദ്യത്തെയും ആശുപത്രി ശൃംഖലയാണ് കിംസ്ഹെല്‍ത്ത്.   അത്യാഹിതവിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍, മള്‍ട്ടി ഡിസിപ്ലിനറി ഐസിയു വിഭാഗങ്ങളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യത, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്. കിംസ്ഹെല്‍ത്ത് ആശുപത്രികളിലെ ഉപകരണങ്ങള്‍ക്ക് ഇനിമുതല്‍ കെഎംഡിടിസിഎല്‍ വഴി തന്നെ അംഗീകാരം ലഭിക്കും.   അഭിമാനാര്‍ഹമായ നേട്ടമാണിതെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. ഇതോടെ ഇന്ത്യയിലും ഗള്‍ഫിലുമുള്ള ഏറ്റവും സുരക്ഷിതമായ ആശുപത്രികളിലൊന്നായി കിംസ്ഹെല്‍ത്ത് മാറി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ഉപകരണ പരിശോധനാ സംവിധാനമാണ് കെഎംഡിടിസിഎല്ലില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   കിംസ്ഹെല്‍ത്തിന്‍റെ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പിനു കീഴിലാണ് കെഎംഡിടിസിഎല്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകാരം ലഭിച്ചതിലൂടെ കിംസ്ഹെല്‍ത്തിലെ ഉപകരണങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്താന്‍ മറ്റ് ലാബുകളെ ആശ്രയിക്കേണ്ടതില്ല. സങ്കീര്‍ണമായ ചികിത്സകള്‍ക്ക് എടുക്കുന്ന കാലതാമസവും ഒഴിവാക്കാനാകും. രാജ്യത്തെ മറ്റ് ആശുപത്രികള്‍ക്കും കെഎംഡിടിസിഎല്ലിന്‍റെ സേവനം ഉപയോഗപ്പെടുത്താനാകും.