• admin

  • January 22 , 2020

ഡാവോസ് : ആവശ്യമാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ യു.എസ് ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും സഹായം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ട്രംപ് പറഞ്ഞത്. സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ 'വാഗ്ദാനം'. ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീരിനെക്കുറിച്ചും ഇന്ത്യ,പാകിസ്ഥാന്‍ ബന്ധത്തെ സംബന്ധിച്ചും സംസാരിച്ചതായി ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമെന്നും തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇത് ഏഴാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള താല്‍പര്യം ട്രംപ് പ്രകടിപ്പിക്കുന്നത്.