• admin

  • February 20 , 2020

:  തൃശ്ശൂർ: സംസ്ഥാനത്തെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂളുകളിലൊന്നായി മണലൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. കളിയിലൂടെ വിദ്യാർത്ഥികളെ ഊർജ്ജസ്വലരാക്കി പഠനത്തിലും നേതൃപാടവത്തിലും സഹകരണ മനോഭാവത്തിലും മുൻപന്തിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ സ്‌കൂളിൽ നടപ്പിലാക്കിയ കളിമുറ്റം പദ്ധതിയാണ് സ്‌കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞടുക്കാൻ കാരണമായത്. മൺമറഞ്ഞു പോയ ഗ്രാമത്തിലെ തനതു കളികളെ ഉണർത്തിയെടുത്ത് വിദ്യാർഥികളെ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളിലെ കളിയോടുള്ള താത്പര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിശ്രമവേളകൾ കൂടുതൽ ഗുണപ്രദവും വിജ്ഞാനദായകവുമായി തീരുന്നു. കളി കുട്ടികളിൽ അച്ചടക്കവും സഹകരണ മനോഭാവവും പഠനത്തോടുള്ള താത്പര്യവും ഉണ്ടാക്കുന്നുണ്ടെന്ന് അധ്യാപകർ പറഞ്ഞു. പഠനത്തിന്റെ വിരസത ഇല്ലാതെ തന്നെ ഗണിതം, ശാസ്ത്രം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കുട്ടികൾ കളിയിലൂടെ മനസ്സിലാക്കുന്നു. കൂടുതൽ കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കാൻ ഈ പദ്ധതി കൊണ്ട് സാധിക്കുന്നു. സ്‌കൂളിന്റെയും അതിനുമപ്പുറം നാടിന്റെയും വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ഒഴിവു സമയത്തു കുട്ടികൾ തനതു കളിയായ തട കളിയിലും മറ്റ് നാടൻ കളികളിലും മുഴുകിയിരിക്കുന്നതും കളിപ്പാട്ട നിർമ്മാണവും പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണവും ഡോക്യൂമെന്ററിയുടെ ഭാഗമായി ചിത്രീകരിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുലോചന, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻ ദാസ്, മണലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ മോഹനൻ, പ്രിൻസിപ്പൽ ഉഷ, പ്രധാന അധ്യാപിക രാജശ്രീ വി കെ, പി ടി എ അംഗങ്ങൾ അധ്യാപകർ എന്നിവർ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മികവുകളുടെ ഡോക്യുമെന്റേഷൻ ചിത്രീകരണത്തിന് നേതൃത്വം നൽകി. സംസ്ഥാനത്ത് 24സ്‌കൂളുകളെയാണ് എസ് സി ഇ ആർ ടി തിരഞ്ഞെടുത്തത്. തൃശൂർ ജില്ലയിൽ നിന്ന് മണലൂർ ഗവ ഹയർ സെക്കന്ററി സ്‌കൂളും കോടാലി ഗവ.എൽ.പി.സ്‌കൂളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക മികവ് മനസ്സിലാക്കുന്നതിനായി എസ് സി ആർ ടി നിയോഗിച്ച ഡോ. ഹരികുമാർ, ഡോ.രാമചന്ദ്രൻ കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.