• admin

  • July 15 , 2022

കൽപ്പറ്റ : കാലവര്‍ഷം ശക്തമായി തുടരുന്ന വയനാട് ജില്ലയിൽ 109 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. വൈത്തിരി താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി നൂറും സുല്‍ത്താന്‍ബത്തേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒമ്പതും കുടുംബങ്ങളാണുള്ളത്. 158 സ്ത്രീകളും 113 കുട്ടികളും അടക്കം 427 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.വൈത്തിരി താലൂക്കില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ പഴശി കോളനി, മൂപ്പൈനാട് വില്ലജിലെ പരപ്പന്‍പാറ കോളനി, കോട്ടത്തറ വില്ലേജിലെ പൊയില്‍ കോളനി, വൈശ്യന്‍ കോളനി, കോട്ടപ്പടി വില്ലേജിലെ എളമ്പിലേരി, വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടന്‍, കരിക്കലോട് കോളനികളിലെ കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്കു മാറ്റിയത്. സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ നൂല്‍പ്പുഴ വില്ലേജിലെ പുഴക്കുനി കോളനിയിലെ കുടുംബങ്ങളാണ് ക്യാമ്പില്‍.വടക്കേവയനാട്ടിലും തെക്കേവയനാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. രാവിലെ എട്ടിനു അവസാനിച്ച 24 മണിക്കൂറില്‍ ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ് പരിസരത്തു 183 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. പുല്‍പള്ളി മരക്കടവിലാണ് ഏറ്റവും കുറവ് മഴ പെയ്തത്-11.2 മി.മീ. പുത്തുമല-155, മുണ്ടക്കൈ-153, പൊഴുതന മേല്‍മുറി-152, വാളാട്-146, മക്കിയാട്-118.2, ലക്കിടി-113,2, പയ്യമ്പള്ളി-96, അപ്പപ്പാറ-87, തൃശിലേരി-76, മൊതക്കര-54, മുട്ടില്‍-52.83, താഴമുണ്ട-46, പൂതാടി-39.4, കാട്ടിക്കുളം-30.4, പനമരം-27, ചെതലയം-24, പെരിക്കല്ലൂര്‍-15 മി.മീ എന്നിങ്ങനെയാണ് ജില്ലയില്‍ മറ്റിടങ്ങളില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ്. പുഴകളോടു ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വിവിധ സ്ഥലങ്ങളിലായി ഹെക്ടര്‍ കണക്കിനു വാഴക്കൃഷി നശിച്ചു. മരം വീടിനു മുകളിലേക്കു വീണ് അങ്ങിങ്ങു നാശനഷ്ടമുണ്ട്.ജില്ലയില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് നല്‍കുന്ന ദിവസങ്ങളിലും വന മേഖലയിലെ വിനോദസഞ്ചാരം നിയന്ത്രിക്കാന്‍ ഡി.ഡി.എം.എ വനം വകുപ്പിനു നിര്‍ദേശം നല്‍കി.