• admin

  • October 2 , 2022

കല്പറ്റ : കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്ററിന്റെ പുതിയ ബ്ലോക്ക് ‘കൃഷ്ണ’ ഞായറാഴ്ച കല്പറ്റയിൽ തുടങ്ങും. രാവിലെ 10-ന് ലിയോ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ടി.പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫാർമസി കല്പറ്റ നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. ബ്യൂട്ടി ക്ലിനിക് ആൻഡ് കോസ്മെറ്റോളജി വിഭാഗം കോഴിക്കോട് ആശോക ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. കെ. രഞ്ജിനി ഉദ്ഘാടനം ചെയ്യും. മിനി ഓപ്പറേഷൻ തിയേറ്റർ കോഴിക്കോട് എ.എം.എ.ഐ. പ്രതിനിധി ഡോ. മനോജ് കാളൂർ ഉദ്ഘാടനം ചെയ്യും. കല്പറ്റ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി.ജെ. ഐസക് അധ്യക്ഷത വഹിക്കും. എല്ലാവിധ ആധുനിക സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും മുഴുവൻ സമയവും ആശുപത്രിയിൽ ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു. സമ്പൂർണ ആയുർവേദ നേത്രചികിത്സയ്ക്കുവേണ്ടി വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടാവും. ഡയബറ്റിക്ക് റെട്ടിനോപ്പതി, കുട്ടികൾക്കുണ്ടാവുന്ന നേത്ര രോഗങ്ങൾ തുടങ്ങി എല്ലാവിധ നേത്രരോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്. പൈൽസ്, ഫിസ്റ്റുല ഫിഷർ തുടങ്ങിയ രോഗങ്ങൾക്കുള്ള ക്ഷാരസൂത്ര ചികിത്സയും ലഭിക്കും. ആയുർവേദ കോസ്മറ്റോളജി വിഭാഗത്തിൽ സൗന്ദര്യസംരക്ഷണത്തിനുള്ള എല്ലാ ചികിത്സകളും ഡയബറ്റിക്ക് ഫൂട്ട് തെറാപ്പി ദിവസവും ഉണ്ടാവും. പ്രമേഹ ചികിത്സയുടെ പ്രത്യേക വിഭാഗവും അശുപത്രിയിലുണ്ട്. ആയുർവേദത്തിലെ പഞ്ചകർമ വിഭാഗം ഉൾപ്പെടെ എല്ലാ ആയുർവേദ ചികിത്സകളും മർമ വിഭാഗവും മുഴുവൻ സമയവും ഉണ്ടാവും. മെഡിക്കൽ ഡയറക്ടർ ഡോ. കെ.പി. വിനോദ് ബാബു, സീനിയർ ഫിസിഷ്യൻ ഡോ. എം. ജീജ വിനോദ്ബാബു, അഡ്മിനിസ്ട്രേറ്റർ ജെറിറ്റ് വിനോദ്ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.