• Lisha Mary

  • March 18 , 2020

ന്യൂഡല്‍ഹി : ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊറോണ ബാധിച്ചതായി വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിയൊരുനൂറോളം തീര്‍ത്ഥാടകരും മുന്നൂറോളം വിദ്യാര്‍ത്ഥികളുമാണ് ഇറാനിലുള്ളത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തീര്‍ത്ഥാടകരില്‍ ഏറെയും. രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ രാജസ്ഥാനിലെ ജയ്‌സാല്‍മേറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്. മൂന്നുരാഷ്ട്രങ്ങള്‍ക്കുകൂടി വിലക്ക് പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്താന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മാര്‍ച്ച് 31 വരെ വിലക്കേര്‍പ്പെടുത്തി. വിസ, യാത്രാനിയന്ത്രണങ്ങള്‍ സംബന്ധിച്ച എല്ലാ അന്വേഷണങ്ങള്‍ക്കുമായി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ്പ്ലൈന്‍ ആരംഭിച്ചു. 011-24300666 എന്ന നമ്പറിലോ support.covid19-boi@gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. ഇന്ത്യയിലുള്ള വിദേശികള്‍ക്ക് കോണ്‍സുലേറ്റുകളില്‍നിന്നുള്ള സേവനങ്ങളും ഹൈല്‍പ്പ്ലൈന്‍ വഴി ലഭിക്കും.