• admin

  • January 30 , 2023

കൊച്ചി : കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ഐസിസി) കോഴ്സാണ് ഫൗണ്ടേഷന്‍ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള ബിരുദധാരികള്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കും. സിലബസ് അധിഷ്ഠിത ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്ന പ്രമുഖ സ്ഥാപനമായ എഡ് ഗ്ലോബ് പാത്ത്ഫൈന്‍ഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നല്‍കുന്നത്.   14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് ട്രെയിനിംഗ് ഉള്‍പ്പെടെ ഒരു മാസത്തെ ഫൗണ്ടേഷന്‍ ലെവലും, 20 മണിക്കൂര്‍ ട്രെയിനിംഗ് ഉള്‍പ്പെടെ ഇന്ററാക്ടിവ് വീഡിയോ പാഠങ്ങളും ഓണ്‍ലൈന്‍ എക്സാമും ഉള്ള രണ്ട് മാസത്തെ അഡ്വാന്‍സ്ഡ് മാസ്റ്റര്‍ ലെവലും ആണ് ഒലീവിയ ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലുള്ളത്. ലെവല്‍ വണ്‍ സര്‍ട്ടിഫിക്കേഷന് ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും രണ്ട് കേസ് സ്റ്റഡി സമര്‍പ്പിക്കുകയും വേണം. ലെവല്‍ രണ്ടിന് ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നതോടൊപ്പം ഒരു കേസ് സ്റ്റഡിയും സമര്‍പ്പിക്കേണ്ടതുണ്ട്.   കരിയര്‍ കോച്ചിംഗ്, കരിയര്‍ കൗണ്‍സിംലിംഗ് സ്‌കില്‍സ്, കരിയര്‍ അസസ്മെന്റ് ടൂളുകള്‍, മാച്ച് മേക്കിംഗ് പ്രൊസ്സസ്, കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിംഗ് തുടങ്ങി ദേശീയ, അന്തര്‍ദേശീയ സ്‌കോളര്‍ഷിപ്പുകള്‍, കരിയര്‍ പ്രൊഫൈലിംഗ്, കരിയര്‍ ബില്‍ഡിംഗ് വരെ നീളുന്ന കരിയര്‍ കൗണ്‍സിലിംഗ് രംഗത്തെ ഏറ്റവും നൂതനമായ ടൂളുകള്‍ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒലീവിയ ഫൗണ്ടേഷന്‍ ഒരുക്കുന്നതെന്ന് ഒലീവിയ ഗ്രൂപ്പ് എംഡി കൃഷ്ണകുമാര്‍ കെ.ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് പുറമേ കരിയര്‍ കൗണ്‍സിലിംഗില്‍ പ്രൊഫഷണല്‍ ട്രെയിനിംഗിനും അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.   വ്യക്തിയുടെ അഭിരുചിക്കും, മാറുന്ന ലോകത്തെ സാധ്യതകള്‍ക്കും അനുസരിച്ചുള്ള കരിയര്‍ തെരഞ്ഞെടുക്കാന്‍ ഇന്ന് നിരവധി സാധ്യതകളുണ്ട്. എന്നാല്‍ അതിലേക്ക് ഗൈഡ് ചെയ്യാന്‍ വേണ്ടത്ര പ്രൊഫഷണലുകള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ പലര്‍ക്കും തങ്ങള്‍ക്ക് അനുയോജ്യമായ ജോലി നേടാന്‍ കഴിയാതെ പോകുന്നു. കിട്ടുന്ന ജോലിയില്‍ വീര്‍പ്പുമുട്ടി കഴിയേണ്ട അവസ്ഥയാണ് പലര്‍ക്കും. ഇവിടെയാണ് സര്‍ട്ടിഫൈഡ് കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ആവശ്യമായി വരുന്നത്. ഓരോ വര്‍ഷവും 25 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സിന്റെ ആവശ്യമുണ്ട്. 82% വിദ്യാര്‍ത്ഥികളാണ് അവരുടെ തൊഴില്‍ മേഖല തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നത്. ഇന്ത്യയില്‍ മാത്രം അടിയന്തിരമായി 15 ലക്ഷം സര്‍ട്ടിഫൈഡ് കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ആവശ്യമുണ്ടെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.   ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിരവധി സാധ്യതകളാണ് തുറക്കപ്പെടുന്നത്. പ്രോഗ്രാമിന്റെ ലെവല്‍ 2 വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ ഒന്നായ എഡിന്‍ബറ യൂണിവേഴ്സിറ്റിയുടെ പിജി പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനം നേടാനാകും. ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് സാധാരണ എഡിന്‍ബറ യൂണിവേഴ്സിറ്റിയുടെ പിജി പ്രോഗ്രാമിലേക്ക് പ്രവേശനം നേടാനുള്ള യോഗ്യത. ലെവല്‍ 2 പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സംരംഭകരാകാനുള്ള അവസരവും ഒലീവിയ ഫൗണ്ടേഷന്‍ ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി സര്‍ട്ടിഫൈഡ് കൗണ്‍സിലര്‍മാര്‍ക്ക് ലോകത്ത് ലഭ്യമായിട്ടുള്ള വിവിധ കോഴ്സുകളും ജോലി സാധ്യതകളും ഉള്‍കൊള്ളുന്ന പോര്‍ട്ടല്‍ ഒലീവിയ ഫൗണ്ടേഷന്‍ തയ്യാറാക്കി നല്‍കും. കൗണ്‍സിലിങ്ങ് ആവശ്യമുള്ള വിദ്യാര്‍ഥികളെയും ഫൗണ്ടേഷന്‍ നല്‍കുന്നതായിരിക്കും. ഇതിന് കൗണ്‍സിലര്‍മാര്‍ക്ക് നിശ്ചിത തുക ഓണറേറിയമായി നല്‍കുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ സ്വന്തമായി കരിയര്‍ കൗണ്‍സിലിംഗ് സെന്‍ര്‍ തുടങ്ങാനും ഇഷ്ടമുള്ള സമയത്ത് ലോകത്ത് എവിടെ നിന്നും ജോലി ചെയ്യാനുള്ള സൗകര്യവും ഈ സര്‍ട്ടിഫിക്കേഷന്‍ ഒരുക്കുന്നു. സര്‍ട്ടിഫിക്കേഷന്‍ നേടുന്ന കരിയര്‍ കൗണ്‍സിലര്‍മാരെ വച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അടുത്ത അധ്യയന വര്‍ഷം സൗജന്യ കരിയര്‍ കൗണ്‍സിലിംഗ് നല്‍കാനും ഒലീവിയ പദ്ധതിയിടുന്നുണ്ട്. അടുത്ത നാല് വര്‍ഷങ്ങള്‍ക്കകം ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ലക്ഷം കരിയര്‍ കൗണ്‍സിലര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഒലീവിയ ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഒലീവിയ ഫൗണ്ടേഷന്റെയും എഡ് ഗ്ലോബ് പാത്ത്ഫൈന്‍ഡറിന്റെയും  ഭാരവാഹികളായ ജെര്‍ലിറ്റ് ഔസേഫ്, ശ്രീകുമാര്‍ ടി.എ, കെ. ജയകുമാര്‍, മാക്‌സിന്‍ ജെയിംസ്, വിവേകാനന്ദ ഷേണായ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.   സൗജന്യ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാന്‍ www.oleeviafoundation.org സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 91888 07000, +91 91888 06000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.