• admin

  • January 21 , 2020

ബംഗളൂരു : വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും അടുത്ത കളി ഇനി ന്യൂസിലന്‍ഡിലാണ്. 24ന് പരമ്പരയ്ക്ക് തുടക്കമാകും. അഞ്ച് ട്വന്റി-20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവ അടങ്ങിയതാണ് ആറാഴ്ചത്തെ ന്യൂസിലന്റ് പര്യടനം. നാട്ടില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ 2-1 ന് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ . ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിന്റെ അപമാനകരമായ തോല്‍വി വഴങ്ങിയ ഇന്ത്യ അവസാന രണ്ട് കളിയില്‍ കരുത്തുകാട്ടി. ഓസീസിന്റെ വിഖ്യാത പേസ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ കോഹ്ലി ബാറ്റില്‍ നയിച്ചപ്പോള്‍ മുഹമ്മദ് ഷമി ബൗളിങ് നിരയെ തെളിച്ചു. പേസര്‍മാര്‍ക്ക് കൂടുതല്‍ ഗുണംകിട്ടുന്ന പിച്ചുകളാണ് ന്യൂസിലന്‍ഡില്‍. അതേസമയം, മൈതാനങ്ങള്‍ ചെറുതുമാണ്. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്ര, ഷമി, നവ്ദീപ് സെയ്നി എന്നിവര്‍ ഏത് പിച്ചിലും ഉഗ്രഭാവത്തിലെത്തുന്നവരാണ്. ട്വന്‍ി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണമാണ് ഇന്ത്യക്ക്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇതുവരെ ടീമില്‍ ഇടം കണ്ടെത്താനാകാത്തത് തിരിച്ചടിയാണ്. പരിക്കുമാറിയ പാണ്ഡ്യയ്ക്ക് അവസാന രണ്ട് മത്സരങ്ങളിലെങ്കിലും ഇടം നേടാനാകുമെന്നാണ് പ്രതീക്ഷ.