• Lisha Mary

  • March 12 , 2020

റിയാദ് : കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇവിടെ നിന്നുള്ള യാത്രക്കാരെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തിനകത്ത് കയറ്റില്ല. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ വിലക്ക് സാരമായി ബാധിക്കും. 45 കൊറോണ കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ റീഎന്‍ട്രി, എക്സിറ്റ് വിസ നേടി കാത്തിരിക്കുന്നവര്‍ക്ക് രാജ്യം വിടാനും നിലവില്‍ അതത് സ്വദേശങ്ങളില്‍ അവധിയില്‍ കഴിയുന്നവര്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാനും അധികൃതര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇഖാമയുള്ളവര്‍ക്കാണ് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വിലക്ക് ബാധകമല്ല.