• Lisha Mary

  • March 18 , 2020

കല്‍പ്പറ്റ : പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യകേരളം വയനാട് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി. കല്‍പ്പറ്റ കൈനാട്ടിയിലെ ആരോഗ്യകേരളം ഓഫീസിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഡോ. ജി.ആര്‍. സന്തോഷാണ് നോഡല്‍ ഓഫിസര്‍. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതാതു സമയങ്ങളില്‍ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. നിലവില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ആരോഗ്യമേഖല കടന്നുപോകുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അതാതു സമയങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെന്ററിന് കഴിയുമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പറഞ്ഞു. ആദിവാസി ജനവിഭാഗങ്ങള്‍ ഏറെയുള്ള ജില്ലയില്‍ അവരുടെ തനതു ഭാഷയില്‍ ആരോഗ്യസന്ദേശങ്ങള്‍ എത്തിക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ക്കടക്കം ഇത്തരം സന്ദേശങ്ങള്‍ കൈമാറുകയെന്നതും ലക്ഷ്യമാണ്. കോവിഡ്-19, കുരങ്ങുപനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിരവധി വീഡിയോ സന്ദേശങ്ങള്‍ സെന്റര്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ലോഗോ പ്രകാശനം ചെയ്ത് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലിസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.