• admin

  • January 17 , 2020

ഹൈദരാബാദ് : ആന്ധ്രയില്‍ നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി ബിജെപിയുമായി സഖ്യം ചേര്‍ന്നു. 2024ല്‍ നടക്കുന്ന ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനാണ് തീരുമാനം. ഇരുപാര്‍ട്ടികളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദിയോധറാണ് സഖ്യം പ്രഖ്യാപിച്ചത്. ജാതി രാഷ്ട്രീയം, കുടുംബ വാഴ്ച, അഴിമതി എന്നിവയ്ക്കെതിരെ ഒന്നിച്ച് പൊരുതുമെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു. അധികാരത്തിലെത്തി കുറഞ്ഞ സമയം കൊണ്ട് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തികഞ്ഞ പരാജയമായെന്നും ചന്ദ്രബാബു നായിഡു ചെയ്തത് തന്നെയാണ് ജഗനും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടിഡിപിയുമായും വൈഎസ്ആര്‍ കോണ്‍ഗ്രസുമായും ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. 2019ല്‍ ബിജെപിയുമായി വേര്‍പിരിഞ്ഞ പവന്‍ കല്യാണ്‍ ഇടതുപാര്‍ട്ടികളും ബിഎസ്പിയുമായും കൈകോര്‍ത്തു. ഇപ്പോള്‍ വീണ്ടും ബിജെപി സഖ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പവന്‍. 2014ന് ശേഷം തങ്ങള്‍ക്കിടയില്‍ ആശയവിനിമയത്തില്‍ അകല്‍ച്ചയുണ്ടായെന്ന് പവന്‍ കല്യാണ്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി നിരവധി ബിജെപി നേതാക്കളുമായി ആന്ധ്രാപ്രദേശിന്റെ ഭാവികാര്യങ്ങള്‍ സംബന്ധിച്ച് കൂടിക്കാഴ്ചകള്‍ നടത്തി. ഇതിന് ശേഷമാണ് സഖ്യമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും പവന്‍ കല്യാണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യം ഉപാധികളില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.